ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യം; റൗഡി ലിസ്റ്റിലുള്ള നാല് പേരുടെ ജാമ്യം കൂടി റദ്ദാക്കി; 64 പേരുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള റിപ്പോര്‍ട്ട് കോടതിയില്‍
സ്വന്തം ലേഖിക
ആലുവ: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട നാല് പേരുടെ ജാമ്യം കൂടി റദ്ദാക്കി.
വെങ്ങോല വില്ലേജ് ഓഫീസിന് സമീപം ബ്ലായില്‍ വീട്ടില്‍ നിഖില്‍ രാജു (തമ്പി 31), അയ്യമ്പുഴ കുറ്റിപ്പാറ കോടിക്കാട്ട് വീട്ടില്‍ അജീഷ് (35), എടത്തല ചൂണ്ടി ചങ്ങനംകുഴി വീട്ടില്‍ മണികണ്ഠന് (24), കടുങ്ങല്ലൂര്‍ മുപ്പത്തടം മണപ്പുറത്ത് വീട്ടില്‍ അര്ജ്ജുന് കെ. ദാസ് (27) എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമായി തുടരുന്നതിന്റെ ഭാഗമായാണ് നടപടി. നാല് പേരും വിവിധ പൊലീസ് സ്റ്റേഷനുകളിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്.
സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം, വീട് കയറി ആക്രമണം, കൊലപാതക ശ്രമം എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് നിഖില്‍ രാജു. കൊലപാതക ശ്രമം, ആയുധ നിയമം, സ്ഫോടക വസ്തു നിയമം എന്നിവയടക്കമുള്ള കേസുകളിലെ പ്രതിയാണ് അജീഷ്.
കൊലപാതകം, കൊലപാതക ശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കേസുകളാണ് മണികണ്ഠനെതിരെയുള്ളത്. തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് കടത്ത്, കൊലപാതക ശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കേസുകളില്‍ അര്ജ്ജുന്.കെ.ദാസ് പ്രതികയാണ്.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശാനുസരണം ബന്ധപ്പെട്ട കോടതികളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുകയും നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവരുടെ മുന്‍കാല കേസുകളുടെ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമായി പരിശോധിച്ചു വരികയാണെന്ന് എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.
നിലവില്‍ 13 പേരുടെ ജാമ്യം റദ്ദാക്കുകയും 64 പേരുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള റിപ്പോര്‍ട്ട് കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.