കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ തൃശൂര്‍ സ്വദേശി സുബീഷ് ആശുപത്രി വിട്ടു
സ്വന്തം ലേഖിക
കോട്ടയം :സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂര്‍ സ്വദേശി സുബീഷ് ആശുപത്രി വിട്ടു. സുബീഷിനേയും കരള്‍ പകുത്ത് നല്കിയ ഭാര്യ പ്രവിജയേയും മെഡിക്കല്‍ കോളജിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയത്തോടെ പൂര്‍ത്തിയാകുന്നത്. ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടമാണിതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.‘സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനൊരു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടന്‍ ആരംഭിക്കുന്നതാണ്. കോഴിക്കോടും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.’ മന്ത്രി അറിയിച്ചു.