കാശി ക്ഷേത്രത്തില്‍ വഴിപാടായി നല്‍കിയത് മോദിയുടെ അമ്മയുടെ ഭാരത്തിന് തുല്യമായ സ്വര്‍ണം, ഭക്തന്‍ ദക്ഷിണേന്ത്യയിലെ വ്യവസായി
സ്വന്തം ലേഖിക
വാരണാസി : കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്വര്‍ണ തകിട് കൊണ്ട് പൊതിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ ഭാരത്തിന് തുല്യമായ സ്വര്‍ണം വഴിപാടായി നല്‍കി ഭക്തന്‍.
61 കിലോ സ്വര്‍ണമാണ് ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത്. ഇതില്‍ മോദിയുടെ അമ്മ ഹീരാബെന്നിന്റെ ഭാരത്തിന് തുല്യമായ 37 കിലോയാണ് ശ്രീകോവില്‍ പൊതിയുന്നതിനായി നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള സ്വര്‍ണം താഴികക്കുടത്തിന്റെ ഭാഗങ്ങളില്‍ ഉപയോഗിക്കും. പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത വ്യവസായിയാണ് സ്വര്‍ണം നല്‍കിയത്. ഇയാള്‍ ദക്ഷിണേന്ത്യക്കാരനാണെന്നാണ് ലഭിക്കുന്ന സൂചന. നരേന്ദ്രമോദിയുടെ കടുത്ത ആരാധകനാണ് ഇയാള്‍.
വാരണാസി ഡിവിഷണല്‍ കമ്മീഷണറാണ് ക്ഷേത്രത്തിലേക്ക് സ്വര്‍ണം ലഭിച്ച വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഏകദേശം ഒന്നര മാസം മുമ്ബാണ് ഭക്തന്‍ ക്ഷേത്രത്തിന് സ്വര്‍ണം സംഭാവന നല്‍കിയത്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ചുവരുകളിലും മേല്‍ക്കൂരയിലും 37 കിലോ ഭാരമുള്ള സ്വര്‍ണത്തകിടുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു പി തിരഞ്ഞെടുപ്പിന്റെ ഭാഗമായി റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന് മുന്നോടിയായി ശ്രീകോവിലിലെ ആദ്യ ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. ക്ഷേത്രത്തിന് സ്വര്‍ണം ലഭിച്ച വിവരം മോദിയെ അറിയിക്കുകയും, നിര്‍മാണ പ്രവര്‍ത്തികള്‍ അദ്ദേഹത്തെ കാണിച്ചതായും ക്ഷേത്ര അധികാരികള്‍ പറഞ്ഞു.
തൂണുകള്‍ക്കും ഗര്‍ഭഗൃഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്കും വേണ്ടിയാവും ഇനി ബാക്കിയുള്ള 24 കിലോഗ്രാം സ്വര്‍ണത്തകിടുകള്‍ ഉപയോഗിക്കുന്നത്. ശിവരാത്രി ആഘോഷങ്ങള്‍ക്ക് ശേഷമേ ഈ ജോലികള്‍ ആരംഭിക്കുകയുള്ളു.
ക്ഷേത്രത്തിലെ ഭിത്തികള്‍ക്ക് ഭാരം താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണം പൂശുന്നതിനുള്ള പദ്ധതികള്‍ നേരത്തേ വിദഗ്ദ്ധര്‍ നിരസിച്ചിരുന്നു. അടുത്തിടെയാണ് കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി വിപുലീകരിച്ച് ഉദ്ഘാടനം നടത്തിയത്. ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് ദര്‍ശനം സുഗമമായി.