കൊച്ചിയില്‍ ജപ്തിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കുനേരേ നായ്ക്കളെ അഴിച്ചുവിട്ടും വാക്കത്തി വീശിയും വീട്ടുടമയും മകനും; വാക്കത്തി കൊണ്ട് വനിതാ ഉദ്യോഗസ്ഥയുടെ കൈയ്ക്ക് പരിക്ക്
സ്വന്തം ലേഖിക
കൊച്ചി: കാക്കനാട് ചെമ്പുമുക്കില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നേരേ ആക്രമണം. വീട്ടുടമയും മകനും ചേര്‍ന്നാണ് ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
വീട്ടിലെ നായ്ക്കളെ അഴിച്ചുവിടുകയും ഉദ്യോഗസ്ഥര്‍ക്ക് നേരേ വാക്കത്തി വീശുകയുമായിരുന്നു. വാക്കത്തി വീശിയപ്പോള്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് കൈയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ചെമ്പുമുക്കില്‍ താമസിക്കുന്ന അച്ചാമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് പാലാരിവട്ടം എസ്.ബി.ഐ. ഉദ്യോഗസ്ഥരും പോലീസും ജപ്തി നടപടിക്കെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ജപ്തി നടപടിക്ക് വന്നപ്പോഴും വീട്ടിലുള്ളവര്‍ നായ്ക്കളെ അഴിച്ചുവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാല്‍ ഇത്തവണ പോലീസിനെയും മൃഗസംരക്ഷണ പ്രവര്‍ത്തകരെയും കൂട്ടിയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തിക്കെത്തിയത്. അഭിഭാഷക കമ്മീഷനും കൂടെയുണ്ടായിരുന്നു.
എന്നാല്‍, ബാങ്ക് ഉദ്യോഗസ്ഥരെ കണ്ടയുടന്‍ വീട്ടുടമ നായ്ക്കളെ അഴിച്ചുവിട്ടെന്നാണ് ആരോപണം. നായ്ക്കളെ കൂട്ടില്‍ കയറ്റാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ഇവരെ മര്‍ദിച്ചു. പിന്നാലെ അച്ചാമ്മയുടെ മകനായ കെവിന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരേ വാക്കത്തി വീശുകയും ചെയ്തു. വാക്കത്തി കൊണ്ടാണ് വനിതാ ഉദ്യോഗസ്ഥയുടെ കൈയ്ക്ക് പരിക്കേറ്റത്.