നാസയുടെ സ്പേസ് ടെക്നോളജി പ്രോജക്ടില്‍ കോണ്ട്രാക്ടറാക്കാമെന്ന് പറഞ്ഞ് റിട്ട: സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതിമാരില്‍നിന്ന് 1.26 കോടി രൂപ തട്ടി;പ്രതി കണ്ണൂർ ക്രൈം ബ്രാഞ്ചിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കണ്ണൂർ: തളിപ്പറമ്പ് സ്വദേശികളായ റിട്ട.സര്‍ക്കാരുദ്യോഗസ്ഥ ദമ്പതിമാരുടെ ഒന്നേകാല്ക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി.
കോഴിക്കോട് പേരാമ്പ്രയിലെ കോടേരിച്ചാല്‍ മേഞ്ഞാന്ന്യം സ്വദേശി വാഴാട്ട് ബിജുകുമാറി (36) നെയാണ് കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പി.വി. മനോജ് കുമാര്‍ അറസ്റ്റ് ചെയ്തത്. 2015 മുതല്‍ 2020 വരെയുള്ള കാലത്താണ് പ്രതി പരാതിക്കാരെ കബളിപ്പിച്ച് പല ഗഡുക്കളായി പണം കൈക്കലാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകളുടെ എം.ബി.ബി.എസ്. പ്രവേശനം ശരിയാക്കിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവരുമായി പ്രതി ആദ്യം പരിചയത്തിലായത്. പിന്നീട് മകന് ചെന്നൈയിലുള്ള നാസയുടെ സ്പേസ് ടെക്നോളജി പ്രോജക്ടില്‍ ഡയറക്ട് കോണ്‍ട്രാക്ടറായി പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനംചെയ്ത് 1.26 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു.
ഡിവൈഎസ്പി പി.വി മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ ഉദുമൽപേട്ടിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്
2007-ല്‍ മദ്രാസ് ഐ.ഐ.ടി.യില്നിന്ന് ബി.ടെക്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബിരുദം നേടിയെന്നും 2010-ല്‍ ബെംഗളൂരു ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എന്ജിനിയറായിരുന്നുവെന്നുമാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്.
തമിഴ്നാട്ടില്‍ ജൈവകൃഷിയുടെ പേരില്‍ 10 ലക്ഷത്തോളം രൂപയും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്.
പേരാമ്പ്രയിലെ വാഴാട്ട് ബേക്കറിയുടെ ഉടമയാണ് പ്രതി. ബേക്കറിയുടെ പുതിയ ശാഖകള്‍ തുടങ്ങാനായി ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, കല്ലാനോട്, ചാത്തന്‍കോട് തുടങ്ങിയ പല സ്ഥലങ്ങളിലായി വാടകമുറികളെടുക്കുകയും ഇന്റീരിയര്‍ പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണമാണ് ഇതിന് ചെലവാക്കിയത്.
തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.സംസ്ഥാനവ്യാപകമായി കൂടുതല്‍ പേര് തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.