‘വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി; പാസ്പോര്‍ട്ട് കൈക്കലാക്കി; സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു; മയക്കുമരുന്ന് കുത്തിവച്ചു കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കിലിട്ടു’; കോടതിയുടെ കനിവ് കാത്ത് നിമിഷ പ്രിയ
സ്വന്തം ലേഖിക
സന: യെമന്‍ പൗരനായ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ തുടരുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലില്‍ വിധി അറിയാന്‍ ഇനി നാല് നാള് മാത്രം.
അപ്പീല്‍ കോടതി വിധി പറയാന്‍ കേസ് പരിഗണിക്കവെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി എത്തിയിരുന്നു. ഇതോടെ ഈ മാസം 28ലേക്ക് വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിക്ഷയില്‍ ഇളവു ലഭിക്കുന്ന കാര്യത്തില്‍ അന്തിമവിധി ഉടന്‍ ഉണ്ടായേക്കും. യെമന്‍ തലസ്ഥാനമായ സനയില്‍ അപ്പീല്‍ കോടതിക്ക് സമീപം യെമന്‍ യുവാവിന്റെ ബന്ധുക്കളുടേയും പ്രദേശവാസികളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് വിധി പറയുന്നത് നേരത്തെ മാറ്റിവച്ചിരുന്നു. സ്ത്രീയെന്ന പരിഗണന നല്കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണു നിമിഷയുടെ അഭിഭാഷകന് വാദിച്ചത്.
പാലക്കോട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷ. യെമന്‍ പൗരന് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലയ്ക്ക് കൂട്ടുനിന്ന നഴ്സ് ഹനാനെ നേരത്തെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോള്‍. മോചനത്തിന് കോടതിയുടെ അനുകൂല തീരുമാനം കൂടി വേണ്ടിവരും. മോചനം സാധ്യമായില്ലെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. വധശിക്ഷ അപ്പീല്‍ കോടതി നേരത്തെ ശരിവച്ചിരുന്നു.
ബ്ലഡ് മണി നല്കി പ്രശ്നം ഒത്തുതീര്‍പ്പാക്കാനും ശ്രമം നടന്നിരുന്നു. ജീവന് രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു.പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിര്‍ബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ പറഞ്ഞിരുന്നത്. യെമനില്‍ തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്സ് ആയ നിമിഷപ്രിയ. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതി നല്‍കിയിരുന്നു.
നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ല്‍ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാല്‍ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു.
ഒരു നിമിഷ നേരത്തെ ചിന്തകൊണ്ട് മാറിമറിഞ്ഞുപോയതാണ് നിമിഷ പ്രിയയുടെ ജീവിതം. എല്ലാ പ്രവാസികളെയും പോലെ കഠിനാദ്ധ്വാനം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയും യെമനിലേക്ക് വിമാനം കയറുന്നത്. കൊടും ക്രൂരത സഹിക്കവയ്യാതെ ചെയ്ത കടുംകൈ വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു.
നിരന്തരം കൊടുംക്രൂരത കാട്ടിയ യെമന്‍ പൗരനായ തലാല്‍ അബ്ദു മഹദിയെ 2017 ജൂലൈ 25നാണ് നിമിഷയും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളര്‍ന്നു. രക്ഷപ്പെടുന്നതിനായി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. കേസില്‍ നിമിഷ പിടിക്കപ്പെട്ടു. വധശിക്ഷയാണ് കേസില്‍ കോടതി നിമിഷയ്ക്ക് വിധിച്ചത്.
ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് നിമിഷ അപ്പീല്‍ കോടതിയെ സമീപിച്ചു. തലാല്‍ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തില്‍ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു.
സനയില്‍ ഒരു ക്ലിനിക്കില്‍ നഴ്സായിട്ടാണ് നിമിഷ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭര്‍ത്താവ് യെമനില്‍ വെല്‍ഡറായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഇരുവരുടെയും കുറഞ്ഞ സാലറിയും ഒന്നര വയസ്സുള്ള മകളുടെ ഭാവിയുമൊക്കെ നോക്കി 2014 ഏപ്രിലില്‍ നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് തിരികെ വന്നു. 2014ലാണ് നിമിഷ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നതും.നിമിഷയും ഭര്‍ത്താവും യെമനില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ ആലോചനയിടുന്നു. പക്ഷേ യമനില്‍ ക്ലിനിക്കിന് ലൈസന്‍സ് ലഭിക്കാന്‍ ഒരു യെമന്‍ പൗരന്റെ സഹായം ആവശ്യമായതോടെ പരിചയക്കാരനും യെമാന്‍ പൗരനുമായ തലാലിനെ നിമിഷ നിര്‍ദേശിക്കുന്നു.
പക്ഷേ നിമിഷ ലൈസന്‍സിനായി തലാലിന്റെ സഹായം തേടിയിട്ടില്ലെന്നാണ് ഭര്‍ത്താവ് ടോമി പറയുന്നത്. നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതില്‍ ആദ്യം ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമസ്ഥന് അസ്വസ്ഥത ഉണ്ടായിരുന്നതായും ആദ്യമൊക്കെ പ്രശ്നമുണ്ടാക്കിയിരുന്നതായും ടോമി പറഞ്ഞു. എന്നാല്‍ പിന്നീട് അദ്ദേഹം ക്ലിനിക്കിനായി പണം നിക്ഷേപിക്കാന്‍ സഹായിച്ചിരുന്നെന്നും നിമിഷ തലാലിനോട് സഹായം വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു.
അങ്ങനെ നിമിഷ 2015ല്‍ ക്ലിനിക്ക് ആരംഭിക്കുന്നു. എന്നാല്‍ യെമനില്‍ ആഭ്യന്തര യുദ്ധ പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തില്‍ പുതിയ വിസക്ക് അനുമതി ഇല്ലാതായതോടെ നിമിഷയുടെ ഭര്‍ത്താവിനും കുട്ടിക്കും തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് തലാലിന്റെ ഉപദ്രവം ആരംഭിക്കുന്നത്.
ക്ലിനിക്ക് നന്നായി മുന്നോട്ട് പോവുകയും സാമ്ബത്തികപരമായി വളരാനും തുടങ്ങി. ക്ലിനിക്കിലേക്കാവശ്യമായ പല വസ്തുക്കള്‍ വാങ്ങിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമൊക്കെ തലാല്‍ നിമിഷയെ സഹായിച്ചിരുന്നു. ക്ലിനിക്കിലേക്കുള്ള വരുമാനം കൂടിയതോടെ തലാല്‍ തനിക്കും പണത്തിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ടു. ക്ലിനിക്കുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തലാല്‍ ഇടപെടാന്‍ തുടങ്ങിയെന്നും ക്ലിനിക്കിനായി വാങ്ങിയ വാഹനം പോലും തലാല്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തെന്നും നിമിഷ പറയുന്നു.
പിന്നീട് നിമിഷ പോലും അറിയാതെ അയാള്‍ ക്ലിനിക്കിന്റെ ഷെയര്‍ ഹോള്‍ഡറായി തന്റെ പേര് കൂടി ഉള്‍പ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാന്‍ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെ മാനേജരെ ചോദ്യം ചെയ്തപ്പോഴാണ് നിമിഷ തന്റെ ഭാര്യ ആണെന്നാണ് തലാല്‍ പറഞ്ഞിരിക്കുന്നതെന്നും അതിനാലാണ് ഷെയര്‍ നല്‍കിയതെന്നും അറിയുന്നത്. എന്നാല്‍ തലാലിനോട് ഇത് ചോദിച്ചപ്പോള്‍ താന്‍ ഒറ്റയ്ക്കാണ് ഇത് നടത്തുന്നതെന്നറിഞ്ഞ് നാട്ടുകാര്‍ ശല്യം ചെയ്യാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വിശ്വസിപ്പിച്ചു.
ഇതുമായി ബന്ധപ്പെട്ട നിമിഷ സനയിലെ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ഈ പരാതി ഉന്നയിച്ചതിന് യെമന്‍ നിയമപ്രകാരം തലാലിനൊപ്പം തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന നിമിഷ പറയുന്നു. പിന്നീട് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ തലാല്‍ അത് കോടതിയില്‍ സമര്‍പ്പിക്കുകയും ഞങ്ങളെ വിട്ടയക്കുകയും ചെയ്യുകയായിരുന്നെന്നും നിമിഷ പറഞ്ഞു.
‘2015ല്‍ തലാല്‍ എന്നോടൊപ്പം കാഴ്ചകള്‍ കാണാന്‍ കേരളത്തില്‍ എത്തിയിരുന്നു. ഒരു ക്ലിനിക്ക് തുടങ്ങാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് സഹായം ചോദിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട ഒരു ഉപകാരമായിരുന്നു ഇത്. തൊടുപുഴയിലുള്ള എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ പോലും വന്നിരുന്നു. അദ്ദേഹം എന്റെ വിവാഹ ആല്‍ബത്തില്‍ നിന്ന് ഫോട്ടോ എടുത്ത് ഇത് തന്റെ മുഖം ഉപയോഗിച്ച് മോര്‍ഫ് ചെയ്യുകയും ഞങ്ങള്‍ വിവാഹിതരാണെന്ന് പറഞ്ഞ് വീട്ടുകാരെ കാണിക്കുകയും ചെയ്തു’ നിമിഷ പറഞ്ഞു
തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞത് ചോദ്യം ചെയ്തത് മുതലാണ് തലാലുമായുള്ള പ്രശ്നങ്ങള്‍ തുടങ്ങുന്നതും. അയാള്‍ അവളെ ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങി. ആശുപത്രി ജീവനക്കാരുടെ മുന്നില്‍വച്ച് പോലും മര്‍ദ്ദിക്കുകയും തുപ്പുകയും ചെയ്യാറുണ്ടായിരുന്നെന്നും നിമിഷ പറയുന്നു. നിമിഷയുടെ പാസ്പോര്‍ട്ടും കൈക്കലാക്കിയ തലാല്‍ അവളെ അവനോടൊപ്പം ജീവിക്കാന്‍ നിര്‍ബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും അവനെ അനുസരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും സുഹൃത്തുക്കള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും നിമിഷ പറയുന്നുണ്ട്.
പലപ്പോഴും ഓടിപ്പോവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമുണ്ടായിരുന്നില്ല. രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കാത്ത യെമന്‍ പോലൊരു സ്ഥലത്ത് ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ റോഡിലൂടെ പലതവണ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ ആക്രമണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലൊക്കെ തനിക്ക് ഒന്നിലധികം തവണ തലാല്‍ ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത്.
2017 ജൂലൈയില്‍ മയക്കുമരുന്ന് കുത്തിവച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. തന്റെ പരാതികളുടെ അടിസ്ഥാനത്തില്‍ തലാലിനെ പലപ്പോഴും ജയിലിലടച്ചിരുന്നു. തന്റെ പ്രശ്നങ്ങള്‍ അറിഞ്ഞ ജയില്‍ വാര്ഡന് തലാലില്‍ നിന്നും രക്ഷപ്പെടാന്‍ പാസ്പോര്‍ട്ട് സ്വന്തമാക്കണമെന്നും അതിനായി അവനെ മയക്കാന്‍ ശ്രമിക്കണമെന്നും പറയുന്നു.
അതിനാല്‍ അവസരം ലഭിച്ചപ്പോള്‍ നിമിഷ തലാലിന്റെ മേല്‍ കെറ്റാമൈന്‍ എന്ന മയക്കമരുന്ന് കുത്തിവെക്കുകയായിരുന്നു. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, അവന് തറയില്‍ വീഴുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് അവന് നിശ്ചലനായി. അവന്റെ പള്‍സ് പരിശോധിച്ചപ്പോള്‍ നിശ്ചലമായിരുന്നെന്നും നിമിഷ ഓര്‍ക്കുന്നു.
ആകെ ഭയപ്പെട്ട നിമിഷ അവളുടെ സുഹൃത്തായ ഹനാനെ വിളിക്കുകയും തലാലിന്റെ മൃതദേഹം മാറ്റാനായി അവള് നിര്‍ദേശിക്കുകയും തുടര്‍ന്ന് ഹനാന് മൃതദേഹം വെട്ടിമാറ്റി വാട്ടര്‍ ടാങ്കില്‍ വയ്ക്കുകയുമായിരുന്നെന്നും നിമിഷ പറഞ്ഞു. എന്നാല്‍ പരിഭ്രാന്തിയായപ്പോള്‍ താന്‍ സെഡേറ്റീവ് ഗുളികകള്‍ കഴിച്ചെന്നും അത് തനിക്ക് ഓര്‍മയില്ലെന്നും നിമിഷ പറഞ്ഞിരുന്നു. അങ്ങനെ 2017 ഓഗസ്റ്റില്‍ ഹനാനെയും നിമിഷയെയും അറസ്റ്റ് ചെയ്തു. വിചാരണ കോടതി നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുകയും കേസിലെ കൂട്ടുപ്രതി കൂടിയായ ഹനാനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു.
ജയിലില്‍ ആയെങ്കിലും തനിക്കു വേണ്ടി കേസ് നടത്താനോ വാദിക്കാനോ ആരുമുണ്ടായില്ല. യെമന്‍ പൗരന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പക്ഷം മാത്രമാണ് എല്ലാവരും കണ്ടത്. വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കോടതിക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാകുമായിരുന്നു. അതില്‍ എന്റെ പേര് പോലുമില്ല. തലാല്‍ എന്റെ ഫോട്ടോ ഇട്ടിരിക്കുന്നത് ഒരു മുസ്ലിം പേരിലാണ്. എന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ജഡ്ജി ക്രോസ് ചെക്ക് ചെയ്താല്‍ ഇക്കാര്യം വെളിപ്പെടുമായിരുന്നു. പക്ഷേ അതൊന്നും നടന്നിട്ടില്ലെന്നും നിമിഷ പറയുന്നു. ജഡ്ജി ഇടപെട്ട് ജൂനിയര്‍ അഭിഭാഷകനെ നിയോഗിച്ചെങ്കിലും അദ്ദേഹം വേണ്ട രീതിയില്‍ കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും നിമിഷ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ വധ ശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പരിഗണിക്കുകയാണ്. വാദം കേള്‍ക്കല്‍ ജനുവരി 10നു പൂര്‍ത്തിയായിരുന്നു. പ്രായമായ അമ്മയും 7 വയസ്സുള്ള മകളും നാട്ടിലുണ്ടെന്നും അവരുടെ ഏക അത്താണിയാണെന്നും അപ്പീലില്‍ വ്യക്തമാക്കിയിരുന്നു. അപ്പീലിന്മേല് വിധി പറയുന്നതു സനയിലെ ഹൈക്കോടതി 28 ലേക്കു മാറ്റിയതോടെ നിമിഷയുടെ ജീവിതത്തില്‍ ഇനി എന്തെങ്കിലും പ്രതീക്ഷയുണ്ടാവുമോ എന്നതും അറിയേണ്ടിയിരിക്കുന്നു
യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ എഴുതി യുവതി കത്തയച്ചതോടെയാണ് കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായം സ്വദേശിനിയാണ് നിമിഷ പ്രിയ. യെമനിലെ അല്‍ദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ വാട്ടര്‍ടാങ്കില്‍ നിന്നും കണ്ടെടുത്തിരുന്നു. ദുര്‍ഗന്ധം വമിക്കുന്നതായി സമീപവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നില്ലെന്നും ലിവിങ് ടുഗെദര്‍ ബന്ധമായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍. 2011 ജൂണ്‍ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോയി. ഒരു കുഞ്ഞും പിറന്നു. പിന്നീട് കുടുംബം വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുകയും ചെയ്തു. നിമിഷയുടെ ഭര്‍ത്താവും മകളും തൊടുപുഴയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. ഇവരുമായി നിമിഷയ്ക്ക് അടുത്തകാലത്തൊന്നും യാതൊരു അടുപ്പവുമില്ല.
വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭര്‍ത്താവും നാട്ടില്‍ വന്നപ്പോള്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. ഇപ്പോള്‍ കൊല്ലപ്പെട്ട യമന്‍ സ്വദേശിയായ യുവാവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ സുഹൃത്തുമായുള്ള ബന്ധം വഴിവിട്ടതായതോടെയാണ് ഭര്‍ത്താവ് ടോമി അകലുന്നതും പിന്നീട് നിമിഷ മകളെയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് ഗള്‍ഫില്‍ തന്നെ താമസം തുടരുന്നതും. ഇതോടെ വീടുമായും നാടുമായും നിമിഷ അകന്നു. അതിനാല്‍ യെമനില്‍ എങ്ങനെയായിരുന്നു ഇവരുടെ ജീവിതമെന്നത് നാട്ടുകാര്‍ക്കും പഴയ അടുപ്പക്കാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ദുരൂഹമായി തുടര്‍ന്നു. ഇതിനിടെയാണ് കൊലപാതക വാര്‍ത്തയും ഇവരെ അന്വേഷിക്കുന്നതായ അറിയിപ്പുമെല്ലാം വരുന്നത്.