play-sharp-fill
ഒരുവര്‍ഷത്തിനിടെ ഇരുപതിലധികം അപകടങ്ങള്‍; മേലുകാവ് – മുട്ടം തുരങ്കപാത നിര്‍മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ഒരുവര്‍ഷത്തിനിടെ ഇരുപതിലധികം അപകടങ്ങള്‍; മേലുകാവ് – മുട്ടം തുരങ്കപാത നിര്‍മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

സ്വന്തം ലേഖിക

കോട്ടയം: മേലുകാവില്‍ നിന്ന് മുട്ടത്തേക്ക് കുതിരാൻ മാതൃകയില്‍ തുരങ്കപാത നിര്‍മിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു.


കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മേലുകാവ്, കാഞ്ഞിരം കവല, മുട്ടം പ്രദേശത്ത് മാത്രമായി ഇരുപതിലധികം വാഹനാപകടങ്ങളാണ് ഉണ്ടായത്. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഷോണ്‍ ജോര്‍ജ് ആവശ്യവുമായി രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലത്തിന് അനുസരിച്ച്‌ നവീകരിച്ച റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് അപകട വളവുകളില്‍ വേഗത നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് തുരങ്കം നിര്‍മ്മിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞദിവസവും പാണ്ഡ്യന്‍മാവ് വളവില്‍ അപകടം ഉണ്ടാവുകയും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ കിഴക്കന്‍ മലയോര മേഖലയിലെ മേലുകാവ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി നഗരങ്ങളുടെ വികസനം കൂടി യാഥാര്‍ഥ്യമാകുമെന്ന് ഷോണ്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.

മലബാര്‍ മേഖലയില്‍ നിന്നും എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കും ഈ പാത വളരെയേറെ ഗുണം ചെയ്യും.

ഇതിനൊപ്പം കേന്ദ്ര സ്പൈസസ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ തുടങ്ങനാട് സ്ഥാപിക്കുന്ന സ്പൈസസ് പാര്‍ക്ക് കൂടി വരുന്നതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്കുനീക്കത്തിനും തുരങ്കപാത ഉപകരിക്കും. പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് ഷോണ്‍ ജോര്‍ജ് നിവേദനം നല്‍കി.