35 വര്‍ഷത്തെ ആത്മബന്ധം; “ഇനി അവളുടെ വളയം പിടിക്കാന്‍ അച്ചായന് ഇല്ല, അച്ചായനെ അവസാനമായി ഒരു നോക്ക് കാണാന്‍ അവളും എത്തി”; അപൂര്‍വവും വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് നാട്ടുകാര്‍
സ്വന്തം ലേഖിക
“ഇനി അവളുടെ വളയം പിടിക്കാന്‍ അച്ചായന് ഇല്ല, അച്ചായനെ അവസാനമായി ഒരു നോക്ക് കാണാന്‍ അവളും എത്തി” കഴിഞ്ഞ ദിവസം വൈറലായി മാറിയ ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പായിരുന്നു ഇത്.
ബസും – ബസ് ഡ്രൈവറും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ ഈ പോസ്റ്റ് നിരവധി ആളുകളാണ് ഷെയര്‍ ചെയ്തത്. കോട്ടയം-അയര്‍ക്കുന്നം-മറ്റക്കര-പാലാ-റൂട്ടിലോടുന്ന ‘ബീന’ എന്ന ബസിന്റെ സാരഥിയായിരുന്നു ജോര്‍ജ് ജോസഫ് എന്ന കുഞ്ഞുമോന് ചേട്ടന്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ദിവസം മുന്‍പായിരുന്നു വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം അന്തരിച്ചത്. മകളെ പോലെ ബസിനെ സ്നേഹിച്ച കുഞ്ഞുമോന് ചേട്ടന് വിടപറഞ്ഞപ്പോള്‍ വിടചൊല്ലാന്‍ ബീനയും എത്തി.
35 വര്‍ഷങ്ങളോളം നീണ്ട ആത്മബന്ധത്തിന് അങ്ങേയറ്റം അപൂര്‍വവും വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കായിരുന്നു കുഞ്ഞുമോന് ചേട്ടന്റെ സംസ്കാരച്ചടങ്ങ് സാക്ഷ്യം വഹിച്ചത്.
ചൊവ്വാഴ്ച പൂമറ്റം പള്ളി സെമിത്തേരിയില്‍ നടന്ന ചടങ്ങിലേക്ക് ബീനയും എത്തിയതോടെ അവിടെ കൂടി നിന്നവര്‍ക്കെല്ലാം അതൊരു നൊമ്പര കാഴ്ചയായി.
35 വര്‍ഷമാണ് ബീനയുടെ സാരഥിയായി കുഞ്ഞുമോന് ചേട്ടന് ഉണ്ടായിരുന്നത്. കെ എസ് ആര് ടി സി യില്‍ ജോലി ചെയ്തെങ്കിലും സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ബീനയുടെ വളയം പിടിക്കാനായി അച്ചായന് തിരികെയെത്തി. പിരിച്ചുവെച്ച മീശയും സൗമ്യശീലനുമായിരുന്നതിനാല് നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു.
പ്രായത്തെ വെല്ലുന്ന ഊര്‍ജവും കൃത്യനിഷ്ഠയുമായിരുന്നു അച്ചായന്റെ പ്രത്യേകതയെന്ന് ബീനാ ബസിന്റെ ഉടമ ബോബി മാത്യുവും പറയുന്നു. അച്ചായനുമായുള്ള ബന്ധം മറക്കാനാവുന്നതല്ലെന്നും അതുകൊണ്ട് തന്നെയാണ് സംസ്കാരച്ചടങ്ങില്‍ ബസ് കൊണ്ടിട്ടതെന്നും ബോബി പറഞ്ഞു.
വേളാങ്കണ്ണിയിലേക്ക് വോള്‍വോ ബസ് സര്‍വീസ് തുടങ്ങിയപ്പോള്‍ അച്ചായന് തന്നെയാണ് ഓടിച്ചത്. രോഗബാധിതനായതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ബസ് ഓടിക്കാനായിരുന്നില്ല. പക്ഷേ വഴിപിരിയാത്ത ബന്ധം മരണം വരെ തുടര്‍ന്നു.