സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം;ഒരാൾകൂടി അറസ്റ്റിൽ; കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പുന്നോൽ സ്വദേശിയാണ് അറസ്റ്റിലായത്
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. പുന്നോൽ സ്വദേശി നിജിൽ ദാസ് ആണ് പിടിയിലായത്. കൊലപാതകസംഘത്തിൽപ്പെട്ട ആളാണ് നിജിൽ ദാസ് എന്ന് പൊലീസ് വ്യക്തമാക്കി.
ഇതോടെ കേസിൽ അറസ്‌റ്റിലായായവരുടെ എണ്ണം അഞ്ചായി. ഇന്നലെ നാല് പേരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയിരുന്നത്. വിമൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ഇവർ ഉൾപ്പടെ ഏഴ് പേരാണ് പോലീസ് കസ്‌റ്റഡിയിൽ ഉണ്ടായിരുന്നത്.
മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. കേസിൽ ഇതുവരെ അറസ്‌റ്റിലായ നാല് പേരും ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണം നടത്തുന്നതിന് ഗൂഢാലോചന നടത്തിയതിനാണ് അറസ്‌റ്റ്. ലിജേഷ് ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡണ്ടും തലശേരി നഗരസഭയിലെ മഞ്ഞോളി ഡിവിഷനിലെ കൗൺസിലറുമാണ്. അതേസമയം, കൊലയിൽ നേരിട്ട് പങ്കെടുത്തവരിൽ ഒരാളെയാണ് ഇന്ന് പിടികൂടിയത്.
സിപിഎം പ്രവർത്തകനും പുന്നോൽ സ്വദേശിയുമായ ഹരിദാസിനെ തലശേരി ന്യൂമാഹിക്കടുത്താണ് വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമെന്നാണ് പോലീസ് എഫ്‌ഐആർ. ഹരിദാസന്റെ മരണകാരണം അമിത രക്‌തസ്രാവം മൂലമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ സിറ്റി അഡീഷണൽ എസ്‌പി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.