അലമുറയിട്ട് കരഞ്ഞ് കുടുംബം; ഹരിദാസന്റെ വീട്ടില്‍ വൈകാരിക നിമിഷങ്ങള്‍; മുദ്രാവാക്യം വിളികളോടെ ഹരിദാസന് വിട നല്കി പാര്‍ട്ടി പ്രവര്‍ത്തകരും നാടും
സ്വന്തം ലേഖിക
കണ്ണൂർ: വെട്ടേറ്റെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചിരുന്നു വീടും നാടും.
മുദ്രാവാക്യം വിളികളോടെയാണ് ഹരിദാസന് പാര്‍ട്ടി പ്രവര്‍ത്തകരും നാടും വിട നല്‍കിയത്.
തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സിപിഎം പ്രവര്ത്തകന് ഹരിദാസന് ഇന്ന് പുലര്‍ച്ചെയാണ് വെട്ടേറ്റ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്. പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. വീടിനടുത്ത് വച്ചാണ് വെട്ടേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.
രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതി ക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്.
വെട്ടേറ്റ ഹരിദാസന്റെ കാല് പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കണ്മുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്.
ഹരിദാസനു നേരെയുള്ള അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന് സുരനും വെട്ടേറ്റു. വെട്ടേറ്റ് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.
ഒരാഴ്ച മുൻപ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സി പി എം ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്.