കോട്ടയം നഗരം ഇനി ഇരട്ട ക്യാമറാ വലയത്തില്‍;പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ക്കു പുറമേ മോട്ടോര്‍ വാഹന വകുപ്പും നിരീക്ഷണ ക്യാമറകളും
സ്വന്തം ലേഖിക
കോട്ടയം: നഗരം ഇനി ഇരട്ട ക്യാമറ വലയത്തില്‍. പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ക്കു പുറമേ മോട്ടോര്‍ വാഹന വകുപ്പും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങി.
ട്രാഫിക് നിയമലംഘനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണു മോട്ടോര്‍ വാഹന വകുപ്പ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.
കെല്‍ട്രോണ്‍ രൂപകല്‍പ്പന ചെയ്ത സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണു മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറകൾ .
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.എം.എസ്. കോളജ് റോഡ്, കോടിമത, ലോഗോസ് ജങ്ഷന്, തിരുനക്കര, ടി.ബി. റോഡ് എന്നിവിടങ്ങളിലാണു മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ 50 ഇടങ്ങളിലാണ് ഇതേ രീതിയിലുള്ള ക്യാമറകൾ സ്ഥാപിക്കുന്നത്.
വകുപ്പിന്റെ തെള്ളകത്തുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗം ഓഫീസിലാണ് കണ്ട്രോള് റൂം. ഇവിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ക്യാമറ പോയിന്റുകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, കൂളിങ്ങ് ഫിലിം ഉള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തി വാഹന ഉടമയ്ക്കു പിഴ നല്‍കും.
ചാലുകുന്ന്, ബേക്കര്‍ ജങ്ഷന്, ശീമാട്ടി റൗണ്ടാന, ആര്.ആര്. ജങ്ഷന്, തിരുനക്കര ബസ്റ്റാന്‍ഡ്, രാജീവ് ഗാന്ധി കോംപ്ലക്സ്, നാഗമ്ബടം ബസ്റ്റാന്‍ഡ്, നാഗമ്ബടം പാലം, ലോഗോസ്, കോടിമത പാലം, കലക്ടറേറ്റ്, കഞ്ഞിക്കുഴി, കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡ്, സ്റ്റാന്‍ഡിനു പുറത്ത് എന്നിവിടങ്ങളിലാണു പോലീസ് സിറ്റി സര്‍വൈലൈന്‍സ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇതില്‍ 9 സ്ഥലങ്ങളില്‍ 360 ഡിഗ്രിയില്‍ മുഴുവനായി കറങ്ങുന്ന ഹൈടെക് ക്യാമറായാണ് .
ഇതുകൂടാതെ എം.സി റോഡില്‍ ളായിക്കാട്ടും പട്ടിത്താനത്തും ഓട്ടോമാറ്റഡ് നമ്ബര്‍ പ്ലേറ്റ് മാര്‍ക്ക്ഡ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. മുട്ടമ്ബലത്താണു പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍. കണ്ട്രോള് റൂം പോലീസ് സ്റ്റാഫിനു പുറമേ ക്യാമറ പോയിന്റുകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആറ് ജീവനക്കാരും ഇവിടെയുണ്ട്.
ക്യാമറകള്‍ സ്ഥാപിച്ചതോടെ ട്രാഫിക് നിയമലംഘനം കൈയോടെ പോലീസ് പിടികൂടുകയാണ്. മോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണത്തിനു ക്യാമറ ദൃശ്യങ്ങള്‍ സഹായകരമാകുയും ചെയ്യുന്നുണ്ട്.