play-sharp-fill
തോട്ടടയില്‍ ബോംബ് പൊട്ടൽ; അര്‍ധരാത്രി സ്‌ഫോടനം നടത്തി ബോംബ് പരീക്ഷണം, ബോംബ് വന്നത് പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നെന്ന് മേയർ ടി.ഒ. മോഹനന്‍

തോട്ടടയില്‍ ബോംബ് പൊട്ടൽ; അര്‍ധരാത്രി സ്‌ഫോടനം നടത്തി ബോംബ് പരീക്ഷണം, ബോംബ് വന്നത് പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നെന്ന് മേയർ ടി.ഒ. മോഹനന്‍

സ്വന്തം ലേഖിക
കണ്ണൂര്‍: തോട്ടടയില്‍ ബോംബ് പൊട്ടി ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍.

കഴിഞ്ഞദിവസം ബോംബേറ് നടത്തുന്നതിന് മുമ്പ് പ്രതികള്‍ ബോംബെറിഞ്ഞ് പരീക്ഷണം നടത്തിയതായും മരിച്ചയാളും കേസിലെ പ്രതികളും സജീവ സി.പി.എം. പ്രവര്‍ത്തകരാണെന്നും മേയര്‍ ആരോപിച്ചു.


സംഭവത്തില്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും പലയിടത്തും റെയ്ഡ് നടത്തിയാല്‍ ബോംബും ആയുധങ്ങളും പിടിച്ചെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി നടന്ന വിവാഹ സത്കാരത്തിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അന്ന് അര്‍ധരാത്രി ഒരുമണിക്ക് ശേഷം ഏച്ചൂരിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ ഗ്രൗണ്ടില്‍വെച്ച് ഉഗ്ര സ്‌ഫോടനമുണ്ടായിട്ടുണ്ട്. സ്‌ഫോടനശബ്ദം കേട്ടതായി നാട്ടുകാരും പറയുന്നു.

കഴിഞ്ഞദിവസം ബോംബ് പൊട്ടി മരിച്ചയാളും കേസിലെ പ്രതികളും ഈ പ്രദേശത്തുകാരാണ്. ഇത് കേവലം ആരോപണങ്ങളല്ല, വസ്തുതകളാണെന്നും മേയര്‍ പറഞ്ഞു.

‘ബോംബ് നിര്‍മാണം വലിയ കുറ്റകൃത്യമാണ്. കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പത്തിലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. ഒരുപാട് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ബോംബ് നിര്‍മാണത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന് പരിക്കേറ്റു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ബോംബ് നിര്‍മാണവും ബോംബ് സൂക്ഷിച്ചുവെക്കുന്നതുമെല്ലാം പോലീസ് പരിശോധിക്കണം. പലയിടത്തും റെയ്ഡ് നടത്തിയാല്‍ ഇത്തരത്തിലുള്ള ബോംബുകളും ആയുധങ്ങളും പിടിച്ചെടുക്കാന്‍ കഴിയും. കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളിലാണ് ബോംബ് നിര്‍മാണം നടക്കുന്നത്. അതിന് പാര്‍ട്ടി നേതാക്കളുടെ സംരക്ഷണവുമുണ്ട്.

കഴിഞ്ഞദിവസത്തെ സംഭവം രാഷ്ട്രീയപ്രശ്‌നമല്ല. പക്ഷേ, മരണപ്പെട്ടയാളും അതിലെ പ്രതികളും സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകരാണ്. അവരുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നാണ് ബോംബ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പുറത്തേക്ക് വന്നിട്ടുള്ളത്.

കഴിഞ്ഞദിവസം സംഭവം നടന്നയുടന്‍ താന്‍ പ്രദേശത്ത് എത്തിയിരുന്നു. അവിടെവെച്ച് ബോംബ് നിര്‍മാണത്തെക്കുറിച്ചെല്ലാം സൂചിപ്പിച്ചപ്പോള്‍ സി.പി.എം. പ്രവര്‍ത്തകര്‍ ക്ഷുഭിതരാവുകയാണ് ചെയ്തത്. ബോംബ് എവിടെനിന്ന് വന്നു എന്ന് അന്വേഷിക്കാന്‍ പറയുന്നതില്‍ എന്ത് രാഷ്ട്രീയമാണുള്ളത്? അതിന്റെ പിറകില്‍ അവര്‍ തന്നെയാണെന്നുള്ള കുറ്റബോധം കൊണ്ടാണ് സി.പി.എം. പ്രവര്‍ത്തകര്‍ ക്ഷുഭിതരായതെന്നും മേയര്‍ ടി.ഒ. മോഹനന്‍ പ്രതികരിച്ചു.