മുണ്ടക്കയം കോരൂത്തോട് റോഡ് നിർമ്മാണത്തിൽ വൻ അഴിമതി; കോടികൾ മുടക്കി പണിയുന്ന റോഡിൻ്റെ ടാർ ചെയ്ത ഭാഗം ഇളകി വരുന്നു; കോൺട്രാക്റ്റർക്കും പിഡബ്ല്യഡിക്കുമെതിരെ വിജിലൻസിന് പരാതി
സ്വന്തം ലേഖകൻ
കോട്ടയം: ഒരു കിലോമീറ്ററിന് ഒരു കോടി രൂപ മുടക്കി പണിയുന്ന മുണ്ടക്കയം കോരൂത്തോട് റോഡ് നിർമ്മാണത്തിൽ വൻ അഴിമതി.
അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന് പൊതുപ്രവർത്തകനായ ഏ.കെ. ശ്രീകുമാർ പരാതി നല്കി.
റോഡ് നിർമ്മാണം നടത്തുന്ന കാവുങ്കൽ കൺസ്ട്രക്ഷൻസ്, പിഡബ്ല്യഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ കോട്ടയം, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കാഞ്ഞിരപ്പള്ളി, അസിസ്റ്റൻ്റ് എഞ്ചിനീയർ എരുമേലി എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നല്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടാർ ചെയ്ത് ദിവസങ്ങൾ കഴിയുന്നതിന് മുൻപേ ടാറും മെറ്റലും റോഡിൽ നിന്ന് ഇളകി മാറുന്ന കാഴ്ചയാണ് കോരൂത്തോട് റോഡിലേത്. ഒരു കിലോമീറ്ററിന് ഒരു കോടി രൂപ മുടക്കി ഉന്നത നിലവാരത്തിൽ റോഡ് നിർമ്മാണം നടത്താനാണ് തുക അനുവദിച്ചിരുന്നത്.
എന്നാൽ റോഡ് നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ അഴിമതിയാണ്.റോഡിൻ്റെ സംരക്ഷണഭിത്തി കെട്ടിയതിലും അഴിമതിയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് പുനർനിർമ്മിക്കുന്നതിന് വേണ്ടി നിലവിലുണ്ടായിരുന്ന റോഡ് കുത്തി പൊളിച്ചത്. പിന്നീട് റോഡ് നിർമ്മാണം പല തവണ നിർത്തിവെച്ചിരുന്നു.
അയ്യപ്പഭക്തർക്ക് എരുമേലി ചുറ്റാതെ വളരെ വേഗം പമ്പയിലേക്കും തിരികെയും യാത്ര ചെയ്യാവുന്ന റോഡാണിത്. ഈ പ്രാധാന്യം മനസിലാക്കിയാണ് റോഡ് ഉന്നത നിലവാരത്തിൽ പണിയാൻ സർക്കാർ തീരുമാനിച്ചത്.
റോഡിൻ്റെ ഉന്നത ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും,എസ്റ്റിമേറ്റിൽ പറയും പ്രകാരം നിർമ്മാണം നടത്താൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നല്കിയതായും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു