ഒളിവിൽ കഴിഞ്ഞ 463 പ്രതികളെ കണ്ടെത്തി; 3 ജില്ലകളിൽ പൊലീസിന്റെ ‘കോമ്പിങ്’ ഓപ്പറേഷൻ
സ്വന്തം ലേഖിക
തൃശൂർ ; സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. രാത്രി സമയത്ത് കോമ്പിങ് ഓപ്പറേഷൻ വ്യാപകമാക്കി പൊലീസ്.
41 കോമ്പിങ് ഓപ്പറേഷന്റ ഭാഗമായി 153 അബ്കാരി കേസുകളും, മയക്കുമരുന്ന് കേസുകളും റജിസ്റ്റർ ചെയ്തു.
ഭവനഭേദനം ഉൾപ്പെടെയുള്ള ഗുരുതരസ്വഭാവമുള്ള കേസുകളിൽപെട്ട് ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന 463ഓളം വാറണ്ട് പ്രതികളെയും പിടികിട്ടാപുള്ളികളെയും കണ്ടെത്തി. അന്വേഷണാവസ്ഥയിലിരുന്ന കേസുകളിലെ 148ലേറെ പ്രതികളെ അറസ്റ്റു ചെയ്തു.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് തടയുന്നതിന് ജില്ലാ അതിർത്തികളിലും മറ്റു പ്രധാന ഇടങ്ങളിലുമായി 10888 ഓളം വാഹനങ്ങൾ പരിശോധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോഡ്ജുകൾ, ബസ് സ്റ്റാൻഡ്, റയിൽവേ സ്റ്റേഷൻ എന്നിങ്ങനെ 443ൽ പരം ഇടങ്ങളിൽ ചെക്കിങ്ങും നടത്തി. റേഞ്ചിലെ മുഴുവൻ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി നടത്തിയ ഓപ്പറേഷനിൽ വാഹന പട്രോളിങ് അടക്കം 304 പട്രോളിങ് ടീമുകൾ പങ്കെടുത്തു.
റേഞ്ച് ഡിഐജി എ.അക്ബറിന്റെ മേൽനോട്ടത്തിൽ തൃശൂർ സിറ്റി, റൂറൽ, പാലക്കാട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിലാണ് കോമ്പിങ് ഓപ്പറേഷൻ നടത്തിയത്.
കവർച്ച, ഭവനഭേദനം തുടങ്ങി കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിന്റെയും ഭാഗമായും പൊതുജനസുരക്ഷ മുൻനിർത്തിയും ഇത്തരം കോമ്പിങ് ഓപ്പറേഷനുകൾ തുടർന്നും 3 ജില്ലകളിലും നടത്തുമെന്നും ഡിഐജി എ.അക്ബർ അറിയിച്ചു.