play-sharp-fill
അന്തേവാസിയുടെ കൊലപാതകം; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷന്‍

അന്തേവാസിയുടെ കൊലപാതകം; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷന്‍

സ്വന്തം ലേഖിക
കുതിരവട്ടം : മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ കൊലപാതകത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍.

സ്ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഇല്ലന്ന് കമ്മിഷന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം കുറ്റപ്പെടുത്തി.


മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിലാണ് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ ഇടപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപനത്തില്‍ ആവശ്യത്തിന് ജീവനക്കാരുടെ എണ്ണം കൂട്ടിയില്ലെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്ന് കമ്മിഷന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് വ്യക്തമാക്കി.

ഇന്നലെ പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.

മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസിയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി.

ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.

ബുധനാഴ്ച വൈകിട്ട് ജിയ റാം ജിലോട്ടും കൊല്‍ക്കത്ത സ്വദേശിനിയായ മറ്റൊരു അന്തേവാസിയും തമ്മില്‍ സെല്ലിനുള്ളില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. കൊല്‍ക്കത്ത സ്വദേശിനിക്ക് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ അവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി ചികിത്സ നല്‍കിയെന്നാണ് ആശുപത്രിയുടെ വിശദീകരണം.

എന്നാല്‍ ജിയ റാം മരിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് അധികൃതര്‍ അറിഞ്ഞത്. ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് ആരോഗ്യവകുപ്പും അന്വേഷിക്കുന്നുണ്ട്.

സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. പ്രതിയുടെ മാനസികാവസ്ഥയും രോഗാവസ്ഥയും പരിശോധിച്ചാവും മറ്റ് നടപടികള്‍.