കറുകച്ചാല്‍ മുണ്ടത്താനത്ത് യാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്തു; സംഭവം അന്വേഷിക്കാനെത്തിയ പോലീസുകാരെ പ്രതിയും ഭാര്യയും ചേര്‍ന്ന് ആക്രമിച്ചു; മൂന്ന് പൊലീസുകാർക്ക് പരിക്ക്; പ്രതികൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കറുകച്ചാല്‍: കങ്ങഴ മുണ്ടത്താനത്തു യാത്രക്കാരനെ ആക്രമിച്ചശേഷം അയ്യായിരം രൂപ തട്ടിയെടുത്തു. കേസ് അന്വേഷിക്കാനെത്തിയ പോലീസുകാരെ പ്രതിയും ഭാര്യയും ചേര്‍ന്ന് ആക്രമിച്ചു. കറുകച്ചാല്‍ സ്റ്റേഷനിലെ മൂന്നു പൊലീസുകാര്‍ക്കു പരിക്കേറ്റു .
സംഭവത്തില്‍ താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പില്‍ ബിജു (50), ഭാര്യ മഞ്ജു (46) എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തു.
മുണ്ടത്താനം പൂതുക്കുഴിയില്‍ പ്രസാദി (65) നെയാണ് ആക്രമിച്ച് പണം തട്ടിയെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവാഴ്ച രാത്രി ഒൻപതിന് മുണ്ടത്താനത്തായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു പ്രസാദിനെ മറ്റൊരു ഓട്ടോറിക്ഷയിലെത്തിയ ബിജു, ഓട്ടോ തടഞ്ഞുനിര്‍ത്തിയശേഷം ആക്രമിക്കുകയും പണമടങ്ങിയ പഴ്സ് തട്ടിയെടുത്തശേഷം രക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റ പ്രസാദിനെ നാട്ടുകാര്‍ ചേര്‍ന്നു പാമ്പാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി ഒൻപതരയോടെ കറുകച്ചാല്‍ പോലീസ് ബിജുവിന്റെ വീട്ടിലെത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടയില്‍ സിപിഒ വിനീതിനെ ഇയാള്‍ കടിച്ചു. മറ്റുള്ള പോലീസുകാര്‍ ചേര്‍ന്ന് ബിജുവിനെ കീഴടക്കി. തടിക്കഷണവുമായെത്തിയ മഞ്ജു സിപിഒമാരായ പി.ടി. ബിജുലാല്‍, ബിബിന്‍ എന്നിവരെ ആക്രമിച്ചു.
പോലീസിനെ ആക്രമിച്ചതിനു മഞ്ജുവിനെതിരെയും പ്രസാദിനെ ആക്രമിച്ച് പണം തട്ടിയതിന് ബിജുവിനെതിരേയും കറുകച്ചാല്‍ പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.