ബാബു തിരികെ ജീവിതത്തിലേക്ക്; രക്ഷാദൗത്യം വിജയത്തിലേക്ക്; ബാബുവിനെ സേനാ സുരക്ഷിതമായി മുകളിൽ എത്തിച്ചു; തുണയായത് ബാബുവിൻ്റെ മനോധൈര്യവും
സ്വന്തം ലേഖിക
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്.
കയർ ഉപയോഗിച്ച് സേന ബാബുവിനെ സുരക്ഷിതമായി മലയുടെ മുകളിൽ എത്തിച്ചു. സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയില്‍ നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദൗത്യസംഘം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ചാണ് 400 മീറ്റര്‍ മുകളിലേക്ക് സൈനികൻ ബാല ഉയര്‍ത്തിയത്. ഇടയ്ക്ക് വെച്ച് മറ്റൊരു സൈനികനും കൂടെ ചേർന്നു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്.
ഭക്ഷണവും വെള്ളവും നല്കിയ ശേഷമാണ് ബാബുവിനെ ദൗത്യസംഘം മുകളിലേക്ക് ഉയര്‍ത്തിയത്. യുവാവിന്റെ കാലില്‍ ചെറിയ പരിക്കുണ്ട്. സൂലൂരില്‍ നിന്നും ബംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ ഇന്നലെ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. നാല്പത്തിയഞ്ച് മണിക്കൂറോളമാണ് യുവാവ് മലയിടുക്കില്‍ കുടുങ്ങിക്കിടന്നത്.
ബാബുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് തിങ്കളാഴ്ച രാവിലെ മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങുകയായിരുന്നു. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്. ചെങ്കുത്തായ മലയില്‍ നിന്ന് വീണ യുവാവ് കഷ്ടിച്ച് മൂന്നടി വലിപ്പമുള്ള മടക്കിലാണ് കുടുങ്ങിയത്.
ബാബു ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്.