play-sharp-fill
കുമരകത്തെ ജിജോയുടെ മരണം: മകനെ പൊലീസ് തല്ലിക്കൊന്ന് കനാലിൽ ഇട്ടതെന്ന് പിതാവ്; കേസ് ഐ.ജി അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കുമരകത്തെ ജിജോയുടെ മരണം: മകനെ പൊലീസ് തല്ലിക്കൊന്ന് കനാലിൽ ഇട്ടതെന്ന് പിതാവ്; കേസ് ഐ.ജി അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖിക

കൊച്ചി: കുടവച്ചൂര്‍ സ്വദേശി ജിജോ ആന്റണിയെ കുമരകത്തെ ഒരു ബാറിന് പിന്നിലെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജിജോയുടെ പിതാവ് ആന്റണി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. ഹരിപാലാണ് വിധി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 നവംബര്‍ ഏഴിന് രാത്രി ഒൻപത് മണിയോടെയാണ് ജിജോയെ കുമരകം കവണാറ്റിന്‍കര ലക്ഷ്മി ബാര്‍ ഹോട്ടലിന് പിന്നിലെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നോവ കാര്‍ വാടകയ്ക്കെടുത്തതിന്റെ പണം നല്‍കാന്‍ ഒരു സുഹൃത്തിനൊപ്പമാണ് ജിജോ കുമരകത്തേക്ക് പോയത്.

രാത്രി എട്ടരയോടെ ഇവിടെ ബാങ്ക് പടിയിലുള്ള ഒരു എ.ടി.എമ്മിന് മുന്നില്‍ വെച്ച്‌ ജിജോയും രണ്ട് പൊലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോട്ടയം എസ്.പിയുടെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവരാണ് ജിജോയുമായി വഴക്കുണ്ടാക്കിയതെന്നും ബാറിലേക്ക് ഓടിക്കയറിയ ജിജോയെ പൊലീസുകാര്‍ പിന്തുടരുന്നതിന്റെയും ജിജോയെ കിട്ടാതെ ഇവര്‍ മടങ്ങുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങളുണ്ടന്നും ആന്റണി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ബാര്‍ ഹോട്ടലിന് പിന്നിലേക്ക് ഓടിപ്പോയ ജിജോയെ ഇവര്‍ പിടികൂടി അടിച്ചു കൊലപ്പെടുത്തി കനാലിലേക്ക് എറിഞ്ഞെന്നാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം. പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ജിജോക്കെതിരെ രാത്രി തന്നെ കുമരകം പൊലീസ് കേസെടുത്തു.

അടുത്ത ദിവസം രാവിലെ ജിജോയെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആന്റണിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രാത്രി ഒൻപത് മണിയോടെ ജിജോയെ കനാലില്‍ നിന്ന് കണ്ടെത്തി.

പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ജിജോ മരിച്ചതെന്നും ജിജോയുടെ തലയ്ക്ക് പിന്നില്‍ ടോര്‍ച്ച് കൊണ്ടോ മറ്റോ അടിച്ച പാടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സംഭവം നടക്കുമ്പോള്‍ ജിജോയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കേസ് ഡയറി പരിശോധിച്ച ഹൈക്കോടതി വിലയിരുത്തി.

ജിജോ മുങ്ങി മരിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മുട്ടോളം വെള്ളമില്ലാത്ത കനാലില്‍ ജിജോ മുങ്ങി മരിച്ചതാണെന്ന വിശദീകരണം അവിശ്വസനീയമാണെന്നും ഹൈക്കോടതി പറഞ്ഞു.