play-sharp-fill
ഒരു ഉദ്യോഗസ്ഥനും വാവ സുരേഷിനെ അധിക്ഷേപിക്കാന്‍ അര്‍ഹതയില്ല; സര്‍ക്കാര്‍ വെച്ച്‌ നീട്ടിയ  ജോലി വേണ്ടെന്ന്  വച്ചയാളാണ് വാവ സുരേഷ്; അദ്ദേഹത്തെ അധിക്ഷേപിക്കുന്നവരാണ് ലജ്ജിക്കേണ്ടത്; വാവ സുരേഷിനെതിരെ  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇടപെടുകളില്‍ രൂക്ഷവിമര്‍ശനവുമായി  ഗണേശ് കുമാര്‍ എംഎല്‍എ

ഒരു ഉദ്യോഗസ്ഥനും വാവ സുരേഷിനെ അധിക്ഷേപിക്കാന്‍ അര്‍ഹതയില്ല; സര്‍ക്കാര്‍ വെച്ച്‌ നീട്ടിയ ജോലി വേണ്ടെന്ന് വച്ചയാളാണ് വാവ സുരേഷ്; അദ്ദേഹത്തെ അധിക്ഷേപിക്കുന്നവരാണ് ലജ്ജിക്കേണ്ടത്; വാവ സുരേഷിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇടപെടുകളില്‍ രൂക്ഷവിമര്‍ശനവുമായി ഗണേശ് കുമാര്‍ എംഎല്‍എ

സ്വന്തം ലേഖിക

തിരുവനന്തപുരം: വാവ സുരേഷിനെതിരെ ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇടപെടുകളില്‍ രൂക്ഷവിമര്‍ശനവുമായി ഗണേശ് കുമാര്‍ എംഎല്‍എ.

വാവ സുരേഷിനെതിരെ പ്രവര്‍ത്തിക്കുന്ന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയേണ്ട ഒരു കാര്യമുണ്ട്. നിങ്ങളെപ്പോലെ വകുപ്പിലെ ഉദ്യോഗസ്ഥനായി സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇരിക്കേണ്ട ഒരാളായിരുന്നു വാവ സുരേഷ്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ താന്‍ വനം മന്ത്രിയായിരുന്ന സമയത്ത് വനം വകുപ്പിലേക്ക് വാവ സുരേഷിനെ ജോലിക്കെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ സുരേഷിന്റെ സേവനം വകുപ്പിന് ഉപയോഗപ്പെടുത്താന്‍ തിരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ കാര്യം പറയാനായി ഞാന്‍ വാവ സുരേഷിനെ ഓഫീസിലേക്ക് വിളിക്കുകയും കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ഒരു പുഞ്ചിരിയോടെ വാവ പറഞ്ഞ ഒരു കാര്യമുണ്ട്. “സര്‍.. ദയവ് ചെയ്ത് എന്നെ ഇതില്‍ നിന്നും ഒഴിവാക്കണം. കാരണം പാമ്പിനെ പിടിക്കുക അതിനെ രക്ഷിച്ച്‌ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് വിടുക എന്നത് എന്നെ സംബന്ധിച്ച്‌ ഒരു ജോലിയല്ല.. പാഷനാണ്..പക്ഷെ വകുപ്പില്‍ ജോലിക്ക് കയറിയാല്‍ അത് നടക്കില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു അതിനെന്ത സുരേഷെ .. ജോലിക്ക് കയറി നമുക്ക് പാമ്പിനെ പിടിക്കാലോ.. പിന്നെ ശമ്പളവും പെന്‍ഷനും ഒക്കെ കിട്ടും എന്നും.

അപ്പോഴും വാവ പറഞ്ഞു.. എന്റെ അഹങ്കാരമായി സര്‍ കാണരുത്..സര്‍ മന്ത്രി സഭയില്‍ ഉള്ള കാലം വരെ എന്നെ പാമ്പിനെ പിടിക്കാന്‍ വിടുമായിരിക്കും. പക്ഷെ അത് കഴിഞ്ഞാല്‍ മറ്റു ചില ഉദ്യോഗസ്ഥരൊക്കെ ചിലപ്പൊ വല്ല ബോര്‍ഡറിലേക്കും ഗേറ്റ് ഉയര്‍ത്താനോ മറ്റൊ എന്നെ പറഞ്ഞുവിടും. അതോടെ എന്റെ പാമ്പ് പിടുത്തവും പാഷനും ഒക്കെ തീരും.. അതുകൊണ്ട് വേണ്ട സര്‍ എന്ന്. ” അങ്ങിനെ തന്റെ മുന്നിലേക്ക് വന്ന ജോലിയെപ്പോലും വേണ്ടെന്ന വച്ച വാവയെ അധിക്ഷേപിക്കാന്‍ ഒരു ഉദ്യോഗസ്ഥര്‍ക്കു പോലും യോഗ്യതയില്ലെന്നും എംഎല്‍എ പറയുന്നു.

വനം വകുപ്പിന് ആശ്വാസമായിരുന്നു വാവ സുരേഷ്. മുന്‍കാലങ്ങളിലെ മന്ത്രിമാരും ഫോറസ്റ്റ് ഓഫീസര്‍മാരും തന്നെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാമ്പ് പിടിക്കുന്നതിനായി വാവ സുരേഷിന് അനുമതി നല്‍കിയതെന്നും എംഎല്‍എ പറയുന്നു. വനം വകുപ്പ് ഓഫീസര്‍ക്ക് അധികാരം അയാളുടെ പരിധിയില്‍ മാത്രമാണ്. അല്ലാതെ സംസ്ഥാന വ്യാപകമായി വാവസുരേഷിന് പാമ്പ് പിടിക്കാന്‍ പാടില്ലെന്ന് പറയാനോ അത് വിലക്കാനോ ഒരു ജില്ലാ ഉദ്യോഗസ്ഥന് അനുമതി ഇല്ല. ഈ ഫോറസ്റ്റ് ഓഫീസറെക്കുറിച്ച്‌ വാവ സുരേഷ് കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ് എന്നോട് പരാതി പറഞ്ഞിരുന്നു. അന്ന് തന്നെ ഒരു എംഎല്‍എ എന്ന നിലയില്‍ ഞാന്‍ ആ ഓഫീസറെ വിളിച്ച്‌ നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞതുമാണ്.

ആ ഉദ്യോഗസ്ഥന്റെ പേര് വാവ സുരേഷ് വെളിപ്പെടുത്തിയാല്‍ അയാള്‍ ഈ പറയുന്ന അമേരിക്കന്‍ ടെക്‌നോളജി വച്ച്‌ ഒരു പാമ്പിനെ പിടിച്ച്‌ കാണിക്കട്ടെയെന്നും എംഎല്‍എ പറഞ്ഞു. നമുക്ക് അറിയാത്ത ഒരു കാര്യം നമുക്ക് വേണ്ടി ചെയ്യുന്ന ഒരാളെ അധിക്ഷേപിക്കുകയല്ല വേണ്ടത് മറിച്ച്‌ ബഹുമാനിക്കുകയാണ്.വാവ സുരേഷ് പാമ്പിന്‍ വിഷം വില്‍ക്കുന്നുവെന്ന് പറയുന്നവര്‍ എവിടെയെങ്കിലും വെച്ച്‌ വാവയെ പിടിച്ചിട്ടുണ്ടോ? ഇല്ലല്ലോ പിന്നെന്തിനാണ് ഇല്ലാത്ത കാര്യം പറയുന്നതെന്നും ഗണേശ് കുമാര്‍ ചോദിക്കുന്നു.

കേരളത്തില്‍ പാമ്പിനോടുള്ള ജനങ്ങളുടെ പേടി മാറ്റിയത് തന്നെ വാവ സുരേഷാണ്. പാമ്പിനെ കണ്ടാല്‍ തല്ലിക്കൊല്ലണം എന്നുമാത്രം പറഞ്ഞിരുന്ന ഒരു കാലത്ത് നിന്ന് ആ പേടിയൊക്കെ മാറിത്തുടങ്ങിയതിന് പിന്നില്‍ വാവ സുരേഷിന്റെ ക്ലാസുകളും ഇടപെടലുമാണ്. അങ്ങിനെ സംസ്ഥാന വനം വകുപ്പിന് പോലും ഒരു ആശ്വാസമായിരുന്ന മനുഷ്യനെയാണ് ഇപ്പോള്‍ ഒരു ലജ്ജയുമില്ലാതെ ചാനല്‍ ചര്‍ച്ചകളിലുടയും സമൂഹമാധ്യമങ്ങളില്‍ കൂടിയും അപമാനിക്കുന്നതെന്ന് ഗണേശ് കുമാര്‍ പറഞ്ഞു.

വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും ക്ലാസെടുക്കുന്ന ആളാണ് വാവാ സുരേഷ്. അദ്ദേഹത്തെയാണ് ഇപ്പോള്‍ എല്ലാരും ചേര്‍ന്ന് പാമ്പ് പിടിക്കാന്‍ പഠിപ്പിക്കുന്നത്. കോടതിയില്‍ പോകുന്നവര്‍ വരെ ഇപ്പോള്‍ പാമ്പ് പിടിക്കാന്‍ പഠിപ്പിക്കുകയാണ്. കമ്പിയും പൈപ്പും ഒക്കെ വച്ച്‌ എളുപ്പം പാമ്പിനെ സുരക്ഷിതമായി പിടിക്കാന്‍ പറ്റുമെങ്കില്‍ എന്തിനാണ് വാവ സുരേഷിനെ വിളിക്കുന്നത്. ഈ പറയുന്നവര്‍ തന്നെ അങ്ങുപിടിച്ചാല്‍ പോരെയന്നും എം എല്‍ എ ചോദിച്ചു.

പാമ്പ് പിടിക്കാന്‍ വന്നാല്‍ ഒരു രൂപ പോലും വാങ്ങാത്തയാളാണ് വാവ. ഇത് തനിക്ക് നേരിട്ടും അല്ലാതെയും അനുഭവമുണ്ട്. അങ്ങിനെ പണം വേണ്ടെന്ന് വെക്കുന്നയാളെയാണ് പണക്കൊതിയന്‍ എന്നൊക്കെ അധിക്ഷേപിക്കുന്നത്.ശരിക്കും വാവയെ അധിക്ഷേപിക്കുന്നവരാണ് ലജ്ജിക്കേണ്ടത്. മുന്‍കാലങ്ങളിലൊന്നും വാവ സുരേഷിന് പാമ്പിനെ പിടിക്കുന്നതിന് അലവന്‍സ് ഒന്നും കൊടുത്തിരുന്നില്ല. ഇപ്പോള്‍ വല്ലതും ഉണ്ടോ എന്നറിയില്ല.

കൊടുത്താല്‍ പോലും വാങ്ങില്ല അയാള്‍.. ഒരു സാധുവായ മനുഷ്യനാണ്. അത്തരം സാധുക്കളെ അധിക്ഷേപിക്കുന്നത് തന്നെ നാണം കെട്ട പണിയാണെന്നും ഗണേശ് കുമാര്‍ തുറന്നടിച്ചു.