വ്യാജ ശബ്ദരേഖ; പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സ്വപ്നയെ നാളെ ഇഡി വീണ്ടും ചോദ്യം ചെയ്യും
സ്വന്തം ലേഖിക
കൊച്ചി: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു വീണ്ടും ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകിയതായും മൊഴി കൃത്യമായി വായിച്ചു നോക്കാൻ സാവകാശം നൽകാതെ മൊഴി പ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ വിവാദമുയർത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി ‘ഫിനാൻഷ്യൽ നെഗോസ്യേഷൻ’ നടത്തിയെന്നു പറയാൻ സമ്മർദമുണ്ടെന്നാണു സന്ദേശത്തിലുണ്ടായിരുന്നത്. ഇതെല്ലാം തന്നെക്കൊണ്ടു വ്യാജമായി പറയിപ്പിച്ചതാണെന്നാണു സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇഡി മുൻപാകെ സ്വപ്ന നേരത്തെ നൽകിയ മൊഴികളുമായി ഒത്തുപോകുന്ന വെളിപ്പെടുത്തലുകളാണു മാധ്യമങ്ങളിലൂടെ സ്വപ്ന നടത്തിയത്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി, തെളിവുകൾ നശിപ്പിച്ചു, പ്രതികളെ ഒളിവിൽപോകാൻ സഹായിച്ചു തുടങ്ങിയ കുറ്റകൃത്യങ്ങളിൽ എം.ശിവശങ്കറിനുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണു സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ.
കേന്ദ്ര ഏജൻസിയായ ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളെക്കുറിച്ച് ഇത്രയും വിവരങ്ങൾ പുറത്തുവരുമ്പോൾ അതിൽ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള അധികാരം കുറ്റകൃത്യം നടന്ന സംസ്ഥാനത്തെ പൊലീസിനാണ്. എന്നാൽ വെളിപ്പെടുത്തലുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും കേരള പൊലീസ് കേസ് റജിസ്റ്റർ ചെയ്യാൻ തയാറാകാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കാൻ ഇഡി നിയമോപദേശം തേടിയിട്ടുണ്ട്.