play-sharp-fill
വേനൽ കടുത്തതോടെ കാട്ടാനകള്‍ കാടിറങ്ങുന്നു; മുണ്ടക്കയത്തിന് സമീപം കണമലയിൽ കാട്ടാന ശല്യം രൂക്ഷം; കൃഷികൾ ഉപേക്ഷിച്ച് പ്രദേശവാസികൾ; ഭീതിയോടെ മലയോരം

വേനൽ കടുത്തതോടെ കാട്ടാനകള്‍ കാടിറങ്ങുന്നു; മുണ്ടക്കയത്തിന് സമീപം കണമലയിൽ കാട്ടാന ശല്യം രൂക്ഷം; കൃഷികൾ ഉപേക്ഷിച്ച് പ്രദേശവാസികൾ; ഭീതിയോടെ മലയോരം

സ്വന്തം ലേഖിക

മുണ്ടക്കയം: കാട്ടാനകള്‍ കാടിറങ്ങിയതോടെ ഭീതിയോടെ കണമല നിവാസികള്‍.


കണമല, ഇടകടത്തി കോസ്വേ പാലങ്ങളുടെ സമീപം ഒറ്റയാന്റെ സാന്നിദ്ധ്യവും കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ കാളകെട്ടി അഴുതാ നദിയില്‍ കുളിക്കാന്‍ പോയ നാട്ടുകാര്‍ കണ്ടത് ആറ് ആനകളെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് കുളിക്കാന്‍ ചെന്ന അമ്മയെയും മകനെയും ആന ആക്രമിച്ച സംഭവമുണ്ടായിരുന്നു. കുളിക്കടവില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ആന തകര്‍ത്തു.

കണമല പാലത്തിന് താഴെ പമ്പയാറിന്റെ തീരത്താണ് ദിവസങ്ങളായി ഒറ്റയാന്‍ ഭീതി സൃഷ്ടിക്കുന്നത്. തീരത്തെ മരങ്ങള്‍ പിഴുതു നശിപ്പിച്ചു. കഴിഞ്ഞ ദിവസം എരുത്വാപ്പുഴ മലവേടര്‍ ആദിവാസി കോളനിയിലെ കൃഷികള്‍ ആനക്കൂട്ടം നശിപ്പിച്ചിരുന്നു.

വേനല്‍ രൂക്ഷമായതോടെ വനത്തില്‍ ജലസാന്നിധ്യം നഷ്ടമായതും ഭക്ഷ്യവിഭവങ്ങള്‍ക്ക് ക്ഷാമം നേരിട്ടതുമാണ് ആനകള്‍ കൂട്ടത്തോടെ കാട് വിടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞയിടെ കുരുമ്പന്‍മൂഴി മേഖലയില്‍ ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.

ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് കിഴക്കന്‍ മേഖല. കൃഷിയാണ് നാട്ടുകാരുടെ പ്രധാന വരുമാന മാര്‍ഗം. എന്നാല്‍ വന്യമൃഗങ്ങള്‍ മൂലം കൃഷി ഉപേക്ഷിക്കുകയാണ് പലരും. ആനയെ കൂടാതെ പന്നി, കുരങ്ങ്, പോത്ത് തുടങ്ങിയവ കൃഷി നശിപ്പിക്കുകയാണ്.

വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കു ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാര്‍ വേലികള്‍ സ്ഥാപിച്ചെങ്കിലും അതും വന്യമൃഗങ്ങള്‍ തകര്‍ത്തു.