play-sharp-fill
ട്രെയിനിൽ ഓടികളിക്കുന്നതിനിടെ ഉറുമ്പ് കടിച്ചെന്ന് പറഞ്ഞ് ഓടിയെത്തി; കടിച്ചത് ഉറുമ്പല്ല പാമ്പാണെന്ന് തിരിച്ചറിഞ്ഞത് സെക്കന്റുകൾക്കുള്ളിൽ;  നേഴ്സായ അച്ഛൻറെ സമയോചിതമായ ഇടപെടലിൽ ഒന്നരവയസ്സുകാരി തിരികെ ജീവിതത്തിലേക്ക്

ട്രെയിനിൽ ഓടികളിക്കുന്നതിനിടെ ഉറുമ്പ് കടിച്ചെന്ന് പറഞ്ഞ് ഓടിയെത്തി; കടിച്ചത് ഉറുമ്പല്ല പാമ്പാണെന്ന് തിരിച്ചറിഞ്ഞത് സെക്കന്റുകൾക്കുള്ളിൽ; നേഴ്സായ അച്ഛൻറെ സമയോചിതമായ ഇടപെടലിൽ ഒന്നരവയസ്സുകാരി തിരികെ ജീവിതത്തിലേക്ക്

സ്വന്തം ലേഖകൻ

കൊച്ചി : ഒന്നര വയസുകാരിക്ക് ട്രെയിനിൽ പാമ്പ് കടിയേറ്റു. ആലപ്പുഴ എഴുപുന്ന സ്വദേശി സുജിത്തിന്റെ മകൾ ഇഷാനിക്കാണ് ട്രെയിനിൽ വെച്ച് പാമ്പ് കടിയേറ്റത്. കുടുംബത്തോടൊപ്പം തലശ്ശേരിയിലേക്കുള്ള ട്രെയിൻ യാത്രയ്‌ക്കിടെ ആയിരുന്നു സംഭവം.


കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. ഏറനാട് എക്സ്പ്രസിലാണ് കുടുംബം യാത്ര ആരംഭിച്ചത്. എന്നാൽ ആലുവയിൽ ട്രെയിൽ പാളം തെറ്റിയതോടെ ഇവർ ധൻബാദ് എക്‌സ്പ്രസിൽ കയറി യാത്ര തുടർന്നു. ട്രെയിനിൽ മകൾ ഇഷാനി ഓടിക്കളിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെയാണ് കുട്ടി ഉറുമ്പ് കടിച്ചെന്ന് പറഞ്ഞ് ഓടിയെത്തിയത്. പരിശോധിച്ചപ്പോൾ നഴ്‌സായ അച്ഛൻ സുജിത്തിന് കുഞ്ഞിന്റെ കാലിൽ കടിച്ചിരിക്കുന്നത് ഉറുമ്പല്ലെന്ന് ബോധ്യമായി. കുറച്ച് കഴിഞ്ഞപ്പോഴേക്കും കുഞ്ഞിന്റെ കാല് നീര് വെച്ച് തുടങ്ങി.

തുടർന്ന് ഇവർ എറണാകുളം സൗത്ത് സ്‌റ്റേഷനിൽ ഇറങ്ങി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തി പരിശോധന നടത്തി. അതിനിടെ കുട്ടിക്ക് തളർച്ച അനുഭവപ്പെട്ടിരുന്നു. അണലിയോ അതുപോലുള്ള മറ്റേതെങ്കിലും പാമ്പോ ആണ് കുട്ടിയെ കടിച്ചതെന്ന് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു.

കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാൽ ജീവൻ രക്ഷിക്കാനായി എന്നാണ് ഇവർ പറയുന്നത്. തക്കസമയത്ത് ചികിത്സ ലഭിച്ചത് കൊണ്ട് കുട്ടി ഇപ്പോൾ പൂർണ ആരോഗ്യവതിയാണ്.

എല്ലാം ഒരു അത്ഭുതമാണെന്നാണ് തോന്നുന്നത് എന്ന് സുജിത്ത് പറയുന്നു. കടിച്ചത് പാമ്പണെന്ന് കണ്ടെത്താൻ സാധിച്ചത് കുട്ടിയുടെ ജീവൻ രക്ഷിച്ചു. ഇനി ഇങ്ങനെ ആർക്കും സംഭവിക്കാതിരിക്കാൻ റെയിൽവേ ഏരിയാ മാനേജർക്കും ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരാതി നൽകിയതായി സുജിത്ത് അറിയിച്ചു. നാല് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം തിങ്കളാഴ്ചയാണ് കുട്ടി വീട്ടിൽ തിരികെ എത്തിയത്.