play-sharp-fill
മൊഫിയയുടെ ആത്മഹത്യ: ഒന്നാം പ്രതിയായ ഭര്‍ത്താവിന് ജാമ്യം

മൊഫിയയുടെ ആത്മഹത്യ: ഒന്നാം പ്രതിയായ ഭര്‍ത്താവിന് ജാമ്യം

സ്വന്തം ലേഖകൻ

എറണാകുളം: ആലുവയിലെ നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്‌ത കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.


രണ്ടും മൂന്നും പ്രതികളായ സുഹൈലിന്‍റെ മാതാപിതാക്കളായ റുഖിയ, യൂസഫ് എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇവർക്ക് ജാമ്യം അനുവദിച്ചപ്പോൾ സുഹൈലിനെതിരായ ആരോപണങ്ങൾ ഗൗരവ സ്വഭാവത്തിലുള്ളതാണെന്ന് വിലയിരുത്തി സിംഗിൾ ബെഞ്ച് ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ കേസിൽ അന്വേഷണ സംഘം കുറ്റപത്രം നൽകിയെന്നതും 65 ദിവസത്തിലേറെയായി കസ്റ്റഡിയിൽ കഴിയുകയാണെന്നും വിലയിരുത്തിയാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നവംബർ 22നാണ് മൊഫിയയെ ആലുവയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിലെ പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്‌തതാണെന്ന് കണ്ടെത്തിയതോടെയാണ് ഭർത്താവ് സുഹൈൽ, മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്ത്രീ പീഡനം, സ്ത്രീധന മരണം, ആത്മഹത്യ പ്രേരണക്കുറ്റം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

പ്രതികൾക്കെതിരായ കുറ്റപത്രവും രണ്ട് മാസത്തിനുള്ളിൽ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. മൊഫിയയുടെ ആത്മഹത്യ കുറിപ്പിൽ പേരെടുത്ത് പറഞ്ഞ ആലുവ ഈസ്റ്റ് സ്റ്റേഷൻ സി.ഐ ആയിരുന്ന സുധീറിനെ പ്രതി ചേർക്കാത്ത പൊലീസ് നടപടി അംഗീകരിക്കില്ലെന്നാണ് മൊഫിയയുടെ കുടുംബത്തിന്‍റെ നിലപാട്.

ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയാനെത്തിയ മൊഫിയയോട് സി.ഐ മോശമായി പെരുമാറിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്നിരുന്നു.

എഫ്.ഐ.ആറിലും സി.ഐ സുധീറിനെതിരെ പരാമർശമുണ്ടായിരുന്നു. എന്നാൽ കുറ്റപത്രത്തിൽ നിന്നും സുധീറിനെ ഒഴിവാക്കുകയായിരുന്നു. മൊഫിയയുടെ ഭർത്താവ് സുഹൈലിന്‍റെ മറ്റു ബന്ധുക്കളെ ഒഴിവാക്കിയതിലും മൊഫിയയുടെ മാതാപിതാക്കൾ വിമർശനമുന്നയിക്കുന്നു. സി.ഐ.സുധീർ അടക്കമുള്ളവരെ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് മൊഫിയയുടെ മാതാപിതാക്കളുടെ നിലപാട്.