ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ ഒളിച്ചോടിയ സംഭവം; മകളെ തിരിച്ച് തരണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍; കുട്ടിയെ വിട്ട് തരില്ലെന്ന നിലപാടിൽ ചില്‍ഡ്രന്‍സ് ഹോം അധികൃതർ
സ്വന്തം ലേഖിക
കോഴിക്കോട്: വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ കുട്ടികളില്‍ തന്റെ മകളെ തിരിച്ചു തരണമെന്നാവശ്യവുമായി പെണ്‍കുട്ടികളില്‍ ഒരാളുടെ രക്ഷിതാക്കള്‍.
എന്നാല്‍ കുട്ടിയെ വിട്ട് തരില്ലെന്ന നിലപാടിലാണ് ചില്‍ഡ്രന്‍സ് ഹോം അധികൃതർ. ഇത് വ്യക്തമാക്കി ജില്ലാ കളക്ടര്‍ക്കും സിഡബ്ല്യൂസിക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ചയാണ് വെളളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികൾ ഒളിച്ചോടിയത്. പൊലീസ് അന്വേഷണത്തില്‍ കാണാതായ ആറ് പേരില്‍ രണ്ട് കുട്ടികളെ ബാംഗ്ലൂരിൽ നിന്നും നാല് പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ബാലാവകാശ കമ്മീഷന് കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ രഹസ്യമൊഴി നല്കിയ പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസിന് മുന്‍പാകെ ഹാജരാക്കി. അതിന് ശേഷം ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫി ഇന്നലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയെങ്കിലും ഇയാളെ ഉടന്‍ തന്നെ പിടികൂടി. ഇയാള്‍ക്ക് ഒപ്പം കൊല്ലം സ്വദേശി ടോം തോമസും അറസ്റ്റിലായിരുന്നു.
അറസ്റ്റിലായ രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവര്‍ക്കെതിരെ പോക്സോ 7, 8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുവാക്കളെ ബാംഗ്ലൂരിലേക്കുള്ള യാത്രാ മധ്യേ പരിചയപ്പെട്ടതാണെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്കി.