പൊലീസ് സ്റ്റേഷന് മുന്നില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം; കൈയേറ്റ ശ്രമം ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ ഒളിച്ചോടിയ കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം.
പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുരക്ഷാവീഴ്ച്ച റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു സിപിഎം പ്രവര്‍ത്തകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പ്രതിയെ കുറിച്ച് വിവരം നല്കിയ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം എടുക്കുന്നതിനിടെയായിരുന്നു സംഭവം.
പിന്നീട് പൊലീസ് എത്തി ഇവിടെ കൂട്ടം കൂടി നിന്നവരെ വിരട്ടിയോടിച്ചു.ഇന്ന് വൈകീട് 6.15ഓടെയാണ് സംഭവം.
വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പ്രതികളില്‍ ഒരാളാണ് ഓടി രക്ഷപ്പെട്ടത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിനിടെയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നാടകീയ സംഭവങ്ങള്അരങ്ങേറിയത്.
അറസ്റ്റിലായ പ്രതികള്‍ക്ക് വേഷം മാറ്റാനായി പൊലീസ് സൗകര്യം ഒരുക്കി. വേഷം മാറുന്നതിനിടെ പ്രതികളിലൊരാളായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് ഓടി രക്ഷപ്പെട്ടു.
സ്റ്റേഷന്റെ പിന് ഭാഗത്തുള്ള ഇടനാഴിയിലൂടെയാണ് പ്രതി ഓടി രക്ഷപ്പെടത്. പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ ബസ് സ്റ്റാന്റും സ്റ്റേഷന് പരിസരവും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. വെറും ഒന്നര മണിക്കൂറിനിടെ ലോ കോളേജ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടി.
കോളേജ് പരിസരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ കണ്ട കോളേജിലെ വിദ്യാര്‍ത്ഥികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പട്രോളിങ് നടത്തുന്ന പൊലീസ് സംഘം ഫെബിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പ്രതികള്‍ ചാടിപ്പോയെന്ന വിവരത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.