ഹാപ്പിയാണ് അവരും നമ്മളും; പൃഥീരാജ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രോ ഡാഡി ഒരു ഫീല്‍ഗുഡ് മൂവി; ശ്രദ്ധേയമാവുന്നത് ചിരിയും നർമ്മവും കലർത്തിയ വ്യത്യസ്തമായ കഥ; വിന്റേജ് മൂഡില്‍ ചമ്മിയ ചിരിയും, കുസൃതിയുമായി മോഹന്‍ലാല്‍; കണ്ണുനിറയിപ്പിച്ച് ലാലു അലക്സ്; പൃഥി-കല്യാണി പ്രിയദര്‍ശന്‍ കോമ്പോയും നന്നായി; മരക്കാറില്‍ ചങ്കിടിച്ച ഫാന്‍സിന് ഇത് ലാലിസത്തിന്റെ ആഘോഷം
സ്വന്തം ലേഖിക
കാമുകിയുമായുള്ള ലിവിംങ്ങ് ടുഗദറിനിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഗര്‍ഭം എന്തുചെയ്യണമെന്ന് അറിയാതെ അമ്പരന്ന് നില്‍ക്കുന്ന മകന്‍.
അപ്പോഴാണ് മധ്യവയസ് പിന്നിട്ട അപ്പന്‍ പറയുന്നത്, ഈ വയസ്സാംകാലത്ത് അവന്റെ അമ്മ ഗര്‍ഭിണിയാണെന്ന്! ശരിക്കും ചിരിച്ചുപോവുകയും അതിലേറെ ചിന്തിച്ചുപോവുകയും ചെയ്യുന്ന ഒരു കിടിലന്‍ സബ്ജക്റ്റ്. മോഹന്‍ലാലിനെ നായകനാക്കി, പൃഥ്വീരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് ഡിസ്നി ഹോട്ട് സ്റ്റാറില്‍ ഒ.ടി.ടിയായി റിലീസ് ചെയ്ത ബ്രോ ഡാഡി ശരിക്കും ഒരു ഫീല്‍ ഗുഡ് മൂവി തന്നെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പടം അനൗണ്‍സ് ചെയ്തപ്പോള്‍ കരുതിയത് ഒരു ടിപ്പിക്കല്‍ അച്ചായന്‍ അപ്പനും മകനും തമ്മിലുള്ള സ്നേഹവും കശപിശയും വെള്ളമടിയുമൊക്കെ ചിത്രത്തിന്റെ പ്രമേയം എന്നാണ്. പക്ഷേ അതൊന്നുമല്ല പടം.
ഈ ചിത്രം സംബന്ധിച്ച പ്രചാരണം കൊഴുക്കവേ തന്നെ പൃഥീരാജ് പറഞ്ഞിരുന്നു, 200 കോടി ക്ലബിലെത്തി, മലയാളത്തിലെ എക്കാലത്തെയും പണം വാരി പടങ്ങളില്‍ ഒന്നായ ലൂസിഫറുമായി താരതമ്യപ്പെടുത്തരുതെന്ന്. ഇത് കുറഞ്ഞ ബജറ്റില്‍, കോവിഡ് കാലത്തിന്റെ പ്രതിസന്ധി കൂടി കണക്കിലെടുത്ത് ഉണ്ടാക്കിയ ഒരു ചിത്രമാണ്. കഥാപാത്രങ്ങളുടെ മികച്ച പ്രകടനവും, വ്യത്യസ്തമായ സബ്ജക്റ്റുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
അഭിനന്ദനം അര്‍ഹിക്കുന്നത് ഒരു വ്യത്യസ്തമായ പ്ലോട്ട് പ്ലേസ് കൊണ്ടുവന്ന, കഥയും തിരക്കഥയും എഴുതിയ എന്‍ ശ്രീജിത്ത്. ബിപിന്മാളിയേക്കല്‍ എന്നിവര്‍ക്കാണ്.
ചമ്മിയ ചിരിയും, ഊര്‍ജസ്വലമായ കൗണ്ടറുകളും, വികാരംതുളുമ്പുന്ന പ്രണയ രംഗങ്ങളുമൊക്കെയായി, മലയാളികള്‍ കൊതിക്കുന്ന ആ വിന്റേജ് മോഹന്‍ലാലിലെ പുനസൃഷ്ടിക്കാനുള്ള ശ്രമം ഈ ചിത്രത്തിലൂടെ പൃഥീരാജ് നടത്തിയിട്ടുണ്ട്. ഒരു പരിധിവരെ അദ്ദേഹം അതില്‍ വിജയിച്ചിട്ടുമുണ്ട്. മരക്കാര്‍ സൃഷ്ടിച്ച ഷോക്കില്‍ നിന്ന് ഇനിയും കരകയറിത്തുടങ്ങിയിട്ടില്ലാത്ത ലാല്‍ ആരാധകര്‍ക്ക് ശരിക്കും ഇഷ്ടപ്പെടുന്നതാണ് ഈ പടത്തിലെ നായകന്‍ ജോണ്‍ കാറ്റാടിയുടെ മാനറിസങ്ങള്‍.
ഒരു ഡബിള്‍ ഗര്‍ഭക്കഥ
ഹ്യൂമര്‍ ഓറിയൻ്റ്ഡ് ഫാമിലി സബ്ജക്റ്റാണ് ഈ ചിത്രം. ഒരു സ്റ്റീല്‍ കമ്പനിയുടെ ഉടമയും , 24ാം വയസ്സില്‍ ഒരു കുഞ്ഞിന്റെ അപ്പാനാവുകയും ചെയ്ത ജോൺ കാറ്റാടിയുടെ (മോഹന്‍ലാല്‍) കുടുംബ കഥയാണിത്. ജോണിന്റെയും ഭാര്യ അന്ന (മീന)യുടെയും ഏക മകനാണ് ഈശോ ജോണ്‍ കാറ്റാടി (പൃഥ്വിരാജ്). അച്ഛന്‍ ബിസിനസ്സുകാരനാണെങ്കില്‍ മകന്‍ ക്രീയേറ്റീവ് മേഖലയിലാണ്. ബാംഗ്ലൂരിലെ അറിയപ്പെടുന്ന പരസ്യ കമ്പനിയിലെ, നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പ്രതിഭാധനനായ ഡിസൈനറാണ് ഈശോ. ജോണ്‍ വളരെ നേരത്തെ വിവാഹിതനായതിനാല്‍ തന്നെ അപ്പനെയും മകനെയും കണ്ടാല്‍ ചേട്ടനും അനിയനുമാണെന്നാണ് ആരും പറയുക.
ജോണിനോടൊപ്പം പഠിച്ച ഉറ്റസുഹൃത്തുകളാണ് കുര്യനും (ലാലു അലക്‌സ്) ശിശുരോഗ വിദഗ്ധനായ ഡോ.സാമുവലും (ജഗദീഷും). നാട്ടില്‍ തന്നെ ഒരു പരസ്യ കമ്പനി നടത്തുകയാണ് കുര്യന്‍. കുര്യനും ഭാര്യ എല്‍സി (കനിഹ)യും ജോണിന്റെ കുടുംബമായും വളരെ നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. ഇവരുടെ ഏക മകളാണ് അന്ന (കല്യാണി പ്രിയദര്‍ശന്‍). ഈ യുവതിയും ബാംഗ്ലൂരിലാണ് ജോലിചെയ്യുന്നത്. പക്ഷേ ഈശോയുടെയും, അന്നയുടെയും കൈയില്‍ ഇവർ നമ്പര്‍ പോലുമില്ല എന്നാണ് അവര്‍ കുടുംബാംഗങ്ങളെ ധരിപ്പിക്കുന്നത്. ഇടക്ക് ഇവരുടെ വിവാഹം വീട്ടുകാര്‍ ആലോചിക്കുമ്പോള്‍ രണ്ടുപേരും ഒരുപോലെ ഉടക്കിടുകയും ചെയ്യുന്നു.
ഇത് കേരളത്തിലെ കാര്യം. പക്ഷേ ബാംഗ്ലൂരില്‍ ഇരുവരും കുറെ വര്‍ഷങ്ങളായി ലിവിങ്ങ് ടു ഗദറിലാണ്. ശരിക്കും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ അവര്‍ ജീവിതം ആഘോഷിക്കുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് തീര്‍ത്തും അവിചാരിതമായി അന്ന ഗര്‍ഭിണിയാണെന്ന കാര്യം അവര്‍ അറിയുന്നത്. അതോടെ എന്തുചെയ്യണം എന്ന് അറിയാതെ കണ്ണില്‍ ഇരുട്ടുകയറി നില്‍ക്കുന്ന സമയത്താണ്, ഈശോയെ അടിയന്തരമായി കാണണം എന്ന് പറഞ്ഞ് അപ്പന്‍ നാട്ടിലേക്ക് വരുത്തിക്കുന്നത്. തന്റെ കഥയെങ്ങാനും അപ്പന്റെ കൈയില്‍ എത്തിയോ എന്ന ഭീതിയോടെ നാട്ടിലെത്തുന്ന ഈശോയോട് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പിതാവ് പറയുന്നത്. ഈ മധ്യവയസ്സിന്റെ എന്‍ഡിങ്ങില്‍ ഈശോയുടെ അമ്മ അന്ന വീണ്ടും ഗര്‍ഭിണിയാണ്!
ഇടിവെട്ടേറ്റവന്റെ മേല്‍ പാമ്പുകടിച്ച അവസ്ഥയിലായി ഈശോ. തുടര്‍ന്നങ്ങോട്ട് രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത്.
മോഹന്‍ലാലിനെയം പൃഥിയെയും പോലുള്ള അസാധ്യ നടന്മാര്‍ ഉണ്ടെങ്കിലും ഈ ചിത്രത്തിന്റെ മാന്‍ ഓഫ് ദി മാച്ച് എന്ന് പറയുന്നത് ശരിക്കും ലാലു അലക്സ് ആണ്. ‘പേഴ്സണലായിട്ട് പറയുകയാ’ എന്ന് മിമിക്രിക്കാര്‍ അനുകരിക്കുന്ന ടൈപ്പിലുള്ള സ്ഥിരം അച്ഛന്‍ വേഷമാണെങ്കിലും, കഥാന്ത്യത്തില്‍ എത്തുമ്പോഴൊക്കെ ലാലു നിങ്ങളുടെ കണ്ണ് നിറയിക്കും.
മല്ലികാ സുകുമാരന്‍, ജഗദീഷ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ മറ്റ് കഥാപാത്രങ്ങളും തങ്ങളുടെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. ദീപക് ദേവാണ് ‘ബ്രോ ഡാഡി’യുടെ സംഗീത സംവിധാനം. മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് പാടിയ ഗാനം സിനിമയുടെ ടൈറ്റില്‍ ഗാനവും എം.ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേര്‍ന്ന് പാടിയ മറ്റൊരു ഗാനവും മനോഹരമാണ്. അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും പതിവുപോലെ ഗംഭീരം.