play-sharp-fill
ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു; മൊഴിയിൽ നിറയെ പൊരുത്തക്കേടുകൾ; സഹകരിക്കുന്നുണ്ടോയെന്ന് പറയാറായിട്ടില്ല; ക്രൈംബ്രാഞ്ച് വൃത്തങ്ങൾ

ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു; മൊഴിയിൽ നിറയെ പൊരുത്തക്കേടുകൾ; സഹകരിക്കുന്നുണ്ടോയെന്ന് പറയാറായിട്ടില്ല; ക്രൈംബ്രാഞ്ച് വൃത്തങ്ങൾ

സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ കുറ്റാരോപിതന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു. ചോദ്യം ചെയ്യലിൽ ദിലീപും പ്രതികളും മറുപടി നൽകുന്നുണ്ടെന്ന് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.

മറുപടികളുടെ നിജസ്ഥിതി പരിശോധിച്ച ശേഷമേ സഹകരിക്കുന്നുണ്ടോയെന്ന് പറയാൻ കഴിയൂ. ദിലീപ് എന്ത് മറുപടിയാണ് നൽകിയതെന്ന് ഇപ്പോൾ പറയാനാകില്ല. മൊഴികൾ വിലയിരുത്തേണ്ടതുണ്ട്. അത് വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ നിര്‍ദേശമനുസരിച്ച് ദിലീപ് ഒന്‍പത് മണിക്ക് തന്നെ ഹാജരായിരുന്നു. 11 മണിക്കൂറാണ് ചോദ്യം ചെയ്യല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഡാലോചനക്കേസില്‍ സത്യം പുറത്തുകൊണ്ടുവരുമെന്ന് എഡിജിപി പറഞ്ഞു. “തെളിവുകള്‍ എല്ലാം കണ്ടെത്താനാണ് അന്വേഷണം നടത്തുന്നത്. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചാലും ഇല്ലെങ്കിലും അന്വേഷണത്തിന് ഗുണം ചെയ്യും. ആറാം പ്രതിയായ വിഐപി ശരത്താണൊ എന്ന് ഇപ്പോള്‍ പറയാനാകില്ല,” എഡിജിപി വ്യക്തമാക്കി.

ഇന്നലെയാണ് ദിലീപിനെ മൂന്ന് ദിവസം രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്യാനുള്ള അനുമതി കേരള ഹൈക്കോടതി നല്‍കിയത്. ചോദ്യം ചെയ്തതിന് ശേഷം വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളവര്‍ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണമെന്നും ഇല്ലെങ്കില്‍ ഗുരുതരമായി കണക്കാക്കി ജാമ്യം റദ്ദാക്കുമെന്നും കോടതി ഇന്നലെ വ്യക്തമാക്കി. അന്വേഷണത്തില്‍ ഒരു തരത്തിലുമുള്ള ഇടപെടലുകള്‍ നടത്തെരുതെന്ന് ദിലീപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദിലീപ്, സഹോദരൻ പി. ശിവകുമാർ (അനൂപ്), സഹോദരി ഭർത്താവ് ടി.എന്‍.സൂരജ്, ബി.ആർ.ബൈജു, ആർ.കൃഷ്ണപ്രസാദ്, ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗൂഡാലോചനക്കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.