കോട്ടയം മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ കൈക്കൂലി കേസില്‍ പ്രതിയായ ജെ. ജോസ്മോന്‍ തിരികെ സര്‍ക്കാര്‍ സര്‍വീസിലേക്ക്; വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പിസിബി
സ്വന്തം ലേഖിക
കോട്ടയം: കൈക്കൂലി കേസില്‍ പ്രതിയായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ജോസ് മോന്‍ ജോലിയില്‍ തിരികെ എത്തി.
കോഴിക്കോട് ഓഫീസില്‍ ആണ് ഇന്നലെ ജോലിയില്‍ പ്രവേശിച്ചത്. ഡെപ്യൂട്ടേഷനില്‍ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥ തിരികെ വന്നപ്പോഴാണ് ജോസ്‌മോനെ കോഴിക്കോട്ടേക്ക് മാറ്റിയത്. ഇയാള്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിശദീകരിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കോഴിക്കോടാണ് ജോലിയില്‍ പ്രവേശിച്ചതെങ്കിലും ഇന്നലെ തന്നെ ജോസ് മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയെന്നും പിസിബി ചെയര്‍മാന്‍ പറഞ്ഞു.
ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്ഥാപനത്തിന്‍റെ ഉടമയില്‍ നിന്ന് അന്ന് ജില്ലാ ഓഫീസറായിരുന്ന ജോസ് മോന്‍ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.
ജോസ് മോന്‍റെ കൊല്ലം എഴുകോണിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിര്‍മ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ രേഖകളും വാഗമണ്ണില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ട് രേഖകളും കണ്ടെടുത്തിരുന്നു.
ഒന്നര ലക്ഷം രൂപയും അമേരിക്കന്‍ ഡോളര്‍ അടക്കം വിദേശ കറന്‍സികളും വീട്ടില്‍ നിന്ന് അന്ന് വിജിലന്‍സ് പിടിച്ചെടുത്തു. കോട്ടയം ജില്ലാ ഓഫീസര്‍ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ജോസ് മോന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.