ദിലീപിന്റെ ജാമ്യഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ജാമ്യഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതാണ് ഹർജി മാറ്റാൻ കാരണം.ദിലീപ്, സഹോദരൻ പി.ശിവകുമാർ (അനൂപ്), ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു പരിഗണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച, കേസ് ഇന്നത്തേക്കു പരിഗണിക്കാൻ മാറ്റുകയായിരുന്നു.
ജാമ്യാപേക്ഷ നൽകിയിട്ടുള്ളവരുടെ വീടുകളിൽ പരിശോധന നടത്തുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. പ്രതികൾക്കെതിരായി കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് പൊലീസ് ആവശ്യപ്പെട്ട പ്രകാരം പ്രോസിക്യൂഷൻ കൂടുതൽ സമയം ചോദിച്ചിരിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. നടൻ ദിലീപ് ഉൾപ്പടെയുള്ളവരുടെ വീടുകളിൽ നടത്തിയ പരിശോധനകളിൽ ലഭിച്ച ഡിജിറ്റൽ രേഖകളിൽനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കുന്നതിനും പൊലീസ് ശ്രമിക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ കുടുതൽ ചോദ്യം ചെയ്യലുകളും പരിശോധനകളുമുണ്ടാകും എന്നാണ് കരുതുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന തെളിവുകളുമായി ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുകയാണ് പൊലീസ് ലക്ഷ്യം. തെളിവിന്റെ അഭാവത്തിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാൽ, വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു.