വിവസ്ത്രനാക്കി കാപ്പി വടി കൊണ്ട് ഷാനിനെ തല്ലിയത് മൂന്ന് മണിക്കൂർ; കണ്ണില്‍ ആഞ്ഞ് കുത്തി; ശരീരത്തിൽ ഉണ്ടായിരുന്നത് മർദനമേറ്റ 38 അടയാളങ്ങൾ; ക്രൂരമർദനത്തിനൊടുവിൽ പത്തൊൻപതുകാരൻ മരിച്ചത് തലച്ചോറിലെ രക്തസ്രാവം മൂലം;ഷാന്‍ വധക്കേസിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
സ്വന്തം ലേഖകൻ
കോട്ടയം: പത്തൊൻപതുകാരനായ യുവാവിനെ ഗുണ്ടാ നേതാവ് കൊന്ന് പൊലീസ് സ്റ്റേഷന് മുൻപിലിട്ട സംഭവത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്. ഷാൻ നേരിട്ടത് ക്രൂരമർദനമെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്.
ഷാനിന്റെ മൃദേഹത്തിൽ മർദനത്തിന്റെ 38 അടയാളങ്ങളുണ്ട്. കാപ്പിവടി കൊണ്ടാണ് ഷാനിനെ മർദിച്ചതെന്നാണ് പ്രതി ജോമോന്റെ മൊഴി. വിവസ്ത്രനാക്കിയും ഷാനെ മർദിച്ചു. മൂന്ന് മണിക്കൂറുകളോളം ക്രൂരമായി മർദിച്ചു. ഷാനിന്റെ കണ്ണിൽ വിരലുകൾകൊണ്ട് ആഞ്ഞുകുത്തിയതായും ജോമോൻ മൊഴി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലച്ചോറിലെ രക്തസ്രാവമാണ് ഷാന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ഷാന്റെ മരണം തലച്ചോറിലെ രക്തസ്രാവം മൂലമെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അതിനിടെ സംഭവത്തിൽ അഞ്ച് പേർ കൂടി അറസ്റ്റിലായി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് ഷാനിന്റെ മൃതദേഹം കൊണ്ടുവന്നിട്ടത്. നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കെടി ജോമോനാണ് കൊല നടത്തിയത്. ഇയാളെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന അഞ്ച് പേരും. ഷാനിനെ കൊല്ലാൻ വേണ്ടി തന്നെയാണ് തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച ഓട്ടോ പൊലീസ് കണ്ടെത്തി.
തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടൊണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഷാൻ ബാബുവിനെ തല്ലി അവശനാക്കിയ നിലയിൽ ജോമോൻ തന്നെയാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്.
ഷാൻ ഗുണ്ടാ സംഘത്തിൽപ്പെട്ട ആളാണെന്നും താനാണ് കൊലപ്പെടുത്തിയതെന്നും പൊലീസിനോട് പറയുകയായിരുന്നു. അതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ജോമോനെ പൊലീസ് പിടികൂടി. ഷാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമം. കത്തിക്കുത്ത് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോമോൻ.
ഇയാളെ അടുത്തിടെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. എന്നാൽ ഷാന്റെ പേരിൽ കേസുകളൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.