play-sharp-fill
അതിവേഗ യാത്രക്കാര്‍ക്ക്  ഇനി പിടിവീഴും; നിയമലംഘകരെ പൊക്കാന്‍ മുണ്ടക്കയത്തും ക്യാമറ

അതിവേഗ യാത്രക്കാര്‍ക്ക് ഇനി പിടിവീഴും; നിയമലംഘകരെ പൊക്കാന്‍ മുണ്ടക്കയത്തും ക്യാമറ

സ്വന്തം ലേഖിക

മുണ്ടക്കയം: മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രധാന റോഡുകളില്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമകൾ ഗതാഗത വകുപ്പ് കെല്‍ട്രോണിന്‍റെ സഹകരണത്തോടെ സ്ഥാപിക്കുന്നു.

ഇതിന്‍റെ ഭാഗമായാണ് കൊട്ടാരക്കര- ദിണ്ഡിഗല്‍ ദേശീയപാതയില്‍ മുപ്പത്തിനാലാം മൈലിലും ഗതാഗതവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന അപകടങ്ങളും വാഹനങ്ങളുടെ അമിതവേഗവും, വാഹന പരിശോധനക്കുള്ള പരിമിതിയുമാണ് മേഖലയില്‍ ക്യാമറ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സീസണില്‍ അടക്കം ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ അപകടങ്ങള്‍ പതിവാണ്. ക്യാമറ കണ്ണുകളുടെ നിരീക്ഷണം ശക്തമാകുന്നതോടെ ഇത് ഒരുപരിധിവരെ കുറക്കാന്‍ കഴിയുമെന്നാണ് ഗതാഗത വകുപ്പിന്‍റെ കണക്കുകൂട്ടല്‍.

ഹെല്‍മറ്റ് വെക്കാത്ത ബൈക്ക് യാത്രികര്‍, സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടിക്കുന്നവര്‍, അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍, കൃത്യമായ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ക്യാമറയില്‍ കുടുങ്ങും.

ഇത്തരം വാഹനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ്​ വിഭാഗത്തിന്‍റെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സെര്‍വര്‍ കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിക്കും. തുടര്‍ന്ന് ജില്ല കണ്‍ട്രോള്‍ റൂമിലേക്ക്​ കൈമാറും.

ഇവിടെ നിന്നാണ് നിയമലംഘനം നടത്തിയ വാഹന ഉടമകള്‍ക്ക് ചിത്രം, തീയതി, സമയം, സ്ഥലം, കുറ്റകൃത്യം എന്നിവ ഉള്‍പ്പെട്ട നോട്ടീസ് തപാല്‍ വഴിയും എസ്.എം.എസ് മുഖേനെയും ലഭിക്കുക.