കന്യാസ്ത്രീയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ വരുത്തിയ തിരുത്തൽ വിനയായി; കന്യാസ്ത്രീക്ക് ബിഷപ്പുമായല്ല മറ്റു പലരുമായി ബന്ധമെന്ന പ്രതിഭാഗം വാദം ഖണ്ഡിക്കാൻ കഴിഞ്ഞില്ല; മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയത് എ എസ് ഐ എന്ന് സൂചന; ബിഷപ്പിനെതിരായ പീഡന കേസ് പൊളിഞ്ഞതിന്റെ ഉത്തരവാദി പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവർ തമ്മിൽ ലൈംഗീക ബന്ധം നടന്നിരിക്കും പക്ഷെ അത് ബലാത്സംഗമായി കണക്കാക്കാൻ സാധ്യമല്ലെന്ന് കോടതി. കന്യാസ്ത്രീയും ബിഷപ്പുമായി തമ്മിലുള്ള ബന്ധത്തിലാണ് കോടതി സംശയം ഉന്നയിക്കുന്നത്.
പ്രോസിക്യൂഷൻ ഭാഗം എല്ലാം ശരിയാണെന്ന് പറയുമ്പോഴും അങ്ങനെയല്ല കോടതിയിൽ സംഭവിച്ചതെന്നാണ് വിധി പ്രസ്താവത്തിൽ വ്യക്തമാകുന്നത്. ബിഷപ് പ്രതിയായ കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ വിശ്വാസ്യത കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല. അതാണ് പീഡനം സംബന്ധിച്ച പരാതി നിലനിൽക്കാതിരുന്നത്. 100% വിശ്വസിക്കാവുന്ന ‘സ്റ്റെർലിങ് വിറ്റ്നസ്’ ആയി കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. എന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ടിൽ പിന്നീട് വരുത്തിയ തിരുത്തലും കോടതിയിൽ പ്രതിഭാഗം ചോദ്യം ചെയ്തു. ഇത് പ്രതിഭാഗത്തിനുള്ള പിടിവള്ളിയായി മാറുകയായിയുന്നു. മെഡിക്കൽ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയത് എ എസ് ഐ ആണെന്ന സൂചന തേർഡ് ഐ ന്യൂസിന് ലഭിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് വിസ്തരിച്ച 39 സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടും ഈ മൊഴികൾ എല്ലാം കളവാണെന്നു തെളിയിക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞത് പ്രോസിക്യൂഷന്റെ പരാജയം വ്യക്തമാക്കുന്നതാണ്.
പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴിയിൽ ധാരാളം പൊരുത്തക്കേടുകൾ നിലനിന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവിൽ ഇതേക്കുറിച്ച് പറയുന്നത്. കൂടാതെ ഇവർ തമ്മിൽ നല്ല ബന്ധത്തിലായിരുന്നു എന്ന കാരണവും കണക്കിലെടുത്തുതാണ് പീഡന ആരോപണത്തെ കോടതി നിഷേധിക്കുന്നത്. 13 തവണ പീഡനം നടന്നു അത് കോൺവെന്റിംന് ഇരുപതാം നമ്പർ മുറിയിലാണ് എന്നാണ് ആരോപണം ഉന്നയിച്ചത്. ഇത്തരത്തിൽ പീഡന ശ്രമം ഉണ്ടായിട്ടും അത് ആരും കേട്ടില്ലെന്നത് വിശ്വാസ യോഗ്യമല്ലെന്ന് കോടതി വിധിയിൽ പരാമർശിക്കുന്നു. കൂടാതെ ഈ മുറിക്ക് വെന്റിലേഷൻ ഉണ്ട്, തൊട്ടടുത്ത മുറികളിൽ ആളില്ലായിരുന്നുവെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കാനായില്ലെന്നും കോടതി വിധിയിൽ പറയുന്നു.
ബിഷപ്പ് കന്യാസ്ത്രീക്ക് സന്ദേശങ്ങൾ അയച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെടുക്കാനാകാത്തത് വീഴ്ചയാണെന്ന് കോടതി വിമർശിച്ചു. ഈ മൊബൈൽ ഫോൺ ആക്രിക്കാരന് കൊടുത്തെന്ന കന്യാസ്ത്രീയുടെ മൊഴി വിശ്വാസ യോഗ്യമല്ല, ബിഷപ്പിൻറെ ശല്യം കൊണ്ടാണ് സിം കാർഡ് അടക്കം ഫോൺ ഉപേക്ഷിച്ചതെന്നാണ് മൊഴി, പിന്നാലെ പുതിയ ഫോൺ അടക്കം കന്യാസ്ത്രീ വാങ്ങുകയും ചെയ്തു. ഇതിൽ പൊരുത്തക്കേടുകളുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ വിശ്വാസ യോഗ്യമായ അന്വേഷണം പൊലീസിൽ നിന്ന് ഉണ്ടായില്ലെന്ന് കോടതി വിമർശിച്ചു
കന്യാസ്ത്രീയുടെ ലാപ്ടോപ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലും വീഴ്ച പറ്റി. ബിഷപ്പിനെതിരെ പരാതി നൽകി മാസങ്ങൾക്ക് ശേഷം നിർണായക വിവരങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്ടോപ് കേടായി എന്നതും മുഖവിലക്ക് എടുക്കാനാകില്ല. ലാപ്ടോപ്പിലെ വിവരങ്ങൾ പൊലീസ് നേരത്തെ തന്നെ ശേഖരിക്കേണ്ടതായിരുന്നുവെന്ന് കോടതി പറയുന്നു. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഹാജരാക്കുന്നതിൽ ഇതിലൂടെ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും വിധിയിൽ പറയുന്നു.
ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന ആരോപിക്കപ്പെടുന്ന ദിവസങ്ങൾക്കുശേഷം കന്യാസ്ത്രീയുമായി ഇ മെയിൽ സന്ദേശങ്ങളുണ്ട്. ഫോർമൽ ലെറ്റർ അല്ലെന്നും ഏറെ സൗഹൃദാന്തരീക്ഷത്തിലാണ് ഈ കത്തുകളെന്നും കോടതി നിരീക്ഷിച്ചു. 2016 മാർച്ച് വരെ ഇരുവരും തമ്മിൽ ഊഷ്മളമായ സൗഹൃദം നിലനിന്നെന്നും വ്യക്തം. ബലാത്സംഗം ചെയ്യപ്പെട്ടതിൻറെ തൊട്ടടുത്ത ദിവസം ബിഷപ്പും കന്യാസ്ത്രീയും സഹോദരിയുടെ വീട്ടിലെ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്, ചിരിച്ചുകൊണ്ടാണ് കന്യാസ്ത്രി ബിഷപ്പിനോട് ഇടപെടുന്നത്, എന്നാൽ ദുഖിതയായിരുന്നെന്നാണ് കന്യാസ്ത്രീയുടെ മൊഴി, ഇതിലും പൊരുത്തക്കേടുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ബലാത്സംഗത്തിന് ഇരയായശേഷം ഇടപെടുന്നതുപോലെയല്ല സംഭവത്തിന് തൊട്ടടുത്ത ദിവസം കന്യാസ്ത്രി ബിഷപ്പിനോട് ഇടപെട്ടതെന്നാണ് കോടതി നിരീക്ഷിച്ചത്. സന്തോഷത്തോടെയാണ് ഇടപെട്ടതെന്ന് വീഡിയോകളും ചിത്രങ്ങളും സാക്ഷപ്പെടുത്തുന്നു. സംഭവത്തിനുശേഷവും ബിഷപ്പും കന്യസ്ത്രീയും സൗഹൃദത്തോടെ അടുത്ത് ഇടപഴകിയിരുന്നെന്നും കോടതി പറയുന്നു. ബലാത്സംഗം നടന്നു എന്ന് പറയപ്പെടുന്ന ദിവസത്തിന് തൊട്ടടുത്ത ദിവസം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇരുവരും അടുത്ത സൗഹൃദത്തിലായിരുന്നെന്നാണ് ഒപ്പമുളളവരുടെ മൊഴി. അതുകൊണ്ടുതന്നെ കന്യാസ്ത്രീയുടെ മൊഴിയും പ്രോസിക്യൂഷൻ ആരോപണവും പൂർണ വിശ്വാസയോഗ്യമല്ലെന്നും വിധിയിൽ പറയുന്നു.
പീഡനത്തിന് ഇരയായെന്ന് പറയുന്ന സമയത്ത് കന്യാസ്ത്രീയും ബിഷപ്പുമായി സൗഹൃദത്തിലായിരുന്നു എന്നതിന്റെ ഡിജിറ്റൽ തെളിവുകൾ അടക്കം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ഇക്കാലത്ത് ഇരുവരും സൗഹൃദത്തോടെ ഒന്നിച്ച് പരിപാടികളിൽ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഹാജരാക്കിയത്. കന്യാസ്ത്രീക്ക് എതിരെ ബിഷപ്പിന് കിട്ടിയ പരാതിയിൽ അച്ചടക്കനടപടി എടുത്തപ്പോഴാണ് പീഡനപരാതി ഉന്നയിച്ചതെന്ന വാദവും ഖണ്ഡിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കന്യാസ്ത്രീയുടെ പരാതികളിൽ പലവട്ടമുണ്ടായ മാറ്റങ്ങൾ. മാനസിക പീഡനമെന്ന ആദ്യ പരാതി പിന്നീട് ലൈംഗിക പീഡനമായെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. സിസ്റ്റർ അനുപമ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെയും കോടതിയിലെ മൊഴിയിലെയും വൈരുദ്ധ്യവും തിരിച്ചടിയായി.
പ്രതിഭാഗത്തിനായി അഡ്വക്കേറ്റുമാരായ ബി.രാമൻപിള്ള, സി.എസ്. അജയൻ, നിബു ജോൺ, അഖിൽ വിജയ്, മഹേഷ് ഭാനു എന്നിവർ ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ജിതേഷ് ബാബുവിന് പുറമേ അഡ്വ. സുബിൻ കെ. വർഗീസും ഹാജരായി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശിക്ഷ ലഭിക്കുമെന്ന് തന്നെയാണു കരുതിയത്. കേസ് അട്ടിമറിക്കപ്പെട്ടു. വിധിയിൽ എന്താണ് സംഭവിച്ചതെന്നു പറയാനാകില്ല. വിധിപ്പകർപ്പ് വിശദമായി പഠിച്ച ശേഷം പ്രതികരിക്കും. വിധിയിൽ പ്രോസിക്യൂഷന് കനത്ത നിരാശയാണ് എന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്.
അതേസമയം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ. ബാബു, പരാതിക്കാരിയായ കന്യാസ്ത്രീയുടെ അഭിഭാഷകൻ അഡ്വ. റാൽഫ് എന്നിവർ കോടതി ഉത്തരവ് വന്നശേഷം കുറവിലങ്ങാട് മഠത്തിലെത്തി പരാതിക്കാരിയെ കണ്ടു. അപ്പീൽ നൽകുന്ന കാര്യങ്ങൾ ചർച്ച ചെയ്തു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെയാണ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്. ഞെട്ടിക്കുന്ന വിധിയെന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കള്ളപ്പരാതി പൊളിഞ്ഞെന്നായിരുന്നു പ്രതിഭാഗം പ്രതികരണം.
പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് ജി.ഗോപകുമാർ വിധി പറഞ്ഞത്. ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധിയോടുള്ള ഫ്രാങ്കോയുടെ പ്രതികരണം. കോടതി ചേംബറിൽ നിന്ന് കേട്ട ആ ഒറ്റവാക്കിന്റെ ആഹ്ലാദത്തിൽ ബിഷപ്പ് പുറത്തിറങ്ങി. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു.