എ എസ് ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതി; പൾസർ സുനിക്ക് ജയിലിൽ ഫോൺ എത്തിച്ചതും ഇയാൾ
സ്വന്തം ലേഖകൻ
എറണാകുളം: എളമക്കര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ കുത്തിയക്കേസില്‍ പിടിയിലായ പ്രതി വിഷ്ണു അരവിന്ദ് നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍.
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പൾസർ സുനിക്ക് നടൻ ദിലീപിനെ വിളിക്കുന്നതിനായി ജയിലിൽ മൊബൈൽ ഫോൺ എത്തിച്ചു നൽകിയത് വിഷ്ണുവാണ് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജർക്ക് കൈമാറിയതും വിഷ്ണുവാണെന്ന് പൊലീസ് പറയുന്നു. ഈ കത്താണ് അന്വേഷണം ദിലീപിലേയ്ക്ക് തിരിയാൻ കാരണമായത്.
സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു. മാപ്പുസാക്ഷിയായ വിഷ്ണു വിചാരണക്കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയിരുന്നു. ഇയാൾ 22 കേസുകളിൽ പ്രതിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2011 മുതല്‍ 2015 വരെ ബൈക്ക് മോഷണം അടക്കം 18ഓളം കേസിലെ പ്രതിയാണ് ഇയാളെന്നും കമ്മീഷണര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ വിഷ്ണു ജാമ്യത്തിലാണ്. ബൈക്ക് മോഷണവും എ.എസ്.ഐയെ കുത്തിയതുമാണ് വിഷ്ണുവിനെതിരെ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകള്‍. വിഷ്ണു വിചാരണ നേരിടുന്നതും ജാമ്യം ലഭിച്ചതുമായ കേസുകളുണ്ട്. ഈ കേസുകള്‍ പുനപരിശോധിക്കുമെന്നും കമീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കൊപ്പം കാക്കനാട് ജയിലില്‍ സഹതടവുകാരനായിരുന്നു വിഷ്ണു അരവിന്ദ്. ജയിലില്‍ വെച്ച് രണ്ടു കോടി രൂപ ആവശ്യപ്പെട്ട് ദിലീപിന് പള്‍സര്‍ സുനി കത്തെഴുതിയിരുന്നു. ദിലീപ് ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ നടിയെ ആക്രമിച്ചതെന്ന് പള്‍സര്‍ സുനി വിഷ്ണുവിനോട് കുറ്റസമ്മതം നടത്തിയിരുന്നു.
പലതവണ ആവശ്യപ്പെട്ടിട്ടും വാഗ്ദാനം ചെയ്ത പണം കൈമാറാന്‍ ദിലീപ് തയാറായില്ല. തുടര്‍ന്ന് തടവുകാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് രണ്ട് കോടി ആവശ്യപ്പെട്ട് ദിലീപിന് കത്തെഴുതിയത്. ജാമ്യത്തിലിറങ്ങിയ വിഷ്ണുവാണ് പള്‍സര്‍ സുനിക്ക് വേണ്ടി കത്ത് ദിലീപിന്‍റെ മാനേജറായ അപ്പുണ്ണിക്ക് കളമശേരിയില്‍വെച്ച് കൈമാറുന്നത്. ഈ കത്താണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന പ്രാഥമിക സൂചനക്ക് പിന്നീട് വഴിവെച്ചത്.
കൂടാതെ, പള്‍സര്‍ സുനിക്ക് മൊബൈല്‍ ഫോണും സിമ്മും എത്തിച്ചു നല്‍കിയതും വിഷ്ണുവാണ്. മറൈന്‍ഡ്രൈവില്‍ നിന്നും വാങ്ങിയ സ്പോര്‍ട്സ് ഷൂസിന്‍റെ ഉള്ളില്‍ ഒളിപ്പിച്ചാണ് ഇവ ജയിലിനുള്ളില്‍ എത്തിച്ചത്.
ഈ ഫോണ്‍ ഉപയോഗിച്ചാണ് സംവിധായകന്‍ നാദിര്‍ഷ അടക്കമുള്ളവരെ വിളിച്ച് പള്‍സര്‍ സുനി പണം ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച കേസില്‍ പത്താം പ്രതിയായ വിഷ്ണു, പിന്നീട് കേസിലെ മാപ്പുസാക്ഷിയായി മാറി.
ജനുവരി ആറിനാണ് വാഹന മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് എളമക്കര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിന് കുത്തേറ്റത്. കളമശ്ശേരി എച്ച്.എം.ടി കോളനിയില്‍ വിഷ്ണു അരവിന്ദാണ് (ബിച്ചു-33) പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എളമക്കര പൊലീസും കണ്ട്രോള് റൂം ഫ്ലയിങ് സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.