നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത് വിട്ട് അമ്മ ശോഭന; നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലെന്ന് സൂചന
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി ഒന്നാം പ്രതി പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്. പള്‍സര്‍ സുനിയുടെ അമ്മ ശോഭനയാണ് കത്ത് പുറത്ത് വിട്ടത്. ദിലീപ് പറഞ്ഞിട്ടാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്ന് പൾസർ സുനി കത്തില്‍ പറയുന്നു.
2018 മെയ് ഏഴിന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ പള്‍സര്‍ സുനി നല്‍കിയ കത്താണ് അമ്മ ശോഭന ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ദിലീപിനെ അഭിസംബോധന ചെയ്തുകൊണ്ട് പള്‍സര്‍ സുനി എഴുതിയ കത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
തനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല. ദിലീപിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് സുനി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2015ല്‍ അബാദ്പ്ലാസയില്‍ വച്ചാണ് സംഭവത്തിന്‍റെ ഗൂഢാലോചന നടക്കുന്നതെന്നും കത്തില്‍ വ്യക്തം. അന്ന് ദിലീപിനൊപ്പം നടന്‍ സിദ്ദിഖും ഉണ്ടായിരുന്നതായും സുനി പറയുന്നു. തനിക്ക് ഏതെങ്കിലും ഘട്ടത്തില്‍ ജീവന് ഭീഷണി ഉണ്ടായാല്‍ കത്ത് പുറത്തുവിടണമെന്ന് സുനി നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ദിവസം സഹതടവുകാരന്‍ വിജീഷ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നും അമ്മ ശോഭന പറയുന്നു. അന്വേഷണ സംഘത്തിന് കൈമാറിയ കത്തിന്‍റെ ആധികാരികതയ്ക്കായി പരിശോധിക്കും. ശോഭനയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാകും രഹസ്യമൊഴി രേഖപ്പെടുത്തുക. കേസില്‍ തുടരന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ പുറത്തുവരുന്ന പുതിയ സംഭവ വികാസങ്ങള്‍ ദിലീപിന്‍റെ കുരുക്ക് വീണ്ടും മുറുകുകയാണ്.
ഗൂഢാലോചന അടക്കം 11ഓളം വകുപ്പുകളാണ് എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. തുടരന്വേഷണത്തില്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴികളടക്കം നിര്‍ണായ തെളിവുകള്‍ ആകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.