കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ മോഷ്ടിച്ചതിന് പിന്നില്‍ ‘പ്രണയ പക’; നീക്കം വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കാമുകനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍; പ്രതിക്ക് കുട്ടി കടത്ത് റാക്കറ്റുമായി ബന്ധമില്ലെന്ന് പൊലീസ്
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ യുവതി തട്ടിയെടുത്തതിന് പിന്നില്‍ കാമുകനെ ബ്ലാക്‌മെയിൽ ചെയ്യാനെന്ന് റിപ്പോര്‍ട്ട്.
കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിം ബാദുഷ എന്നയാളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു നീക്കമെന്നാണ് കണ്ടെത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹ വാഗ്ദാനം നല്‍കി നീതുവില്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും ബാദുഷ തട്ടിയെടുത്തിരുന്നു. ഇത് തിരികെ വാങ്ങുക കൂടിയായിരുന്നു നീതുവിന്റെ ലക്ഷ്യം.
ഇബ്രാഹീം ബാദുഷയുടെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു നീതു. ഇതിനിടെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. ഇതിനിടെയാണ് സാമ്പത്തിക ഇടപാട്.
ഈ സമയത്ത് നീതു ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ ബാദുഷയുടെ കുഞ്ഞെന്ന് വരുത്തി തീര്‍ത്ത് ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു നീക്കം.
സംഭവത്തില്‍ ഇബ്രാഹീം ബാദുഷയും പൊലീസ് കസ്റ്റഡിയിലുണ്ട്. കുട്ടിയെ മോഷ്ടിക്കാന്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് ആസൂത്രണം നടത്തി. പല തവണ നീതു ഗൈനക്കോളജി വിഭാഗത്തിലെത്തിയതായും വിവരമുണ്ട്.
കോട്ടയത്തെ സംഭവത്തിന് പിന്നില്‍ കുട്ടിക്കടത്ത് റാക്കറ്റല്ലെന്ന് പൊലീസ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി കുറ്റം ചെയ്തത് തനിയെ ആണെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ പറഞ്ഞു.
പ്രതിക്ക് കുഞ്ഞിന്റെ അമ്മയുമായോ കുടുംബവുമായോ ബന്ധമില്ലെന്നും പ്രതിക്കൊപ്പമുളള കുട്ടി അവരുടേത് തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി.