play-sharp-fill
നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി നൽകരുതെന്ന ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാത്ത വീര്യം; ദിലീപിനെ 82 ദിവസം ജയിലിൽ കിടത്തിയ ആർജ്ജവം ഇന്നോളം ഒരു രാഷ്ട്രിയക്കാരനും പ്രകടമാക്കാത്തത്; പി ടി തോമസിന്റെ നിശ്ചയദാർഢ്യത്തിന്റെ കഥ ഇങ്ങനെ…

നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി നൽകരുതെന്ന ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാത്ത വീര്യം; ദിലീപിനെ 82 ദിവസം ജയിലിൽ കിടത്തിയ ആർജ്ജവം ഇന്നോളം ഒരു രാഷ്ട്രിയക്കാരനും പ്രകടമാക്കാത്തത്; പി ടി തോമസിന്റെ നിശ്ചയദാർഢ്യത്തിന്റെ കഥ ഇങ്ങനെ…

സ്വന്തം ലേഖകൻ

കൊച്ചി: വോട്ടു ബാങ്കും സ്വന്തം പാർട്ടിയിലെ ഭൂരിപക്ഷവും എവിടെ എന്ന് നോക്കിയല്ല പി ടി തോമസ് ഒരുകാലത്തും നിലപാടുകൾ എടുത്തിരുന്നത്. നീതി എവിടെയാണോ അവിടെ പി ടി ഉണ്ടായിരുന്നു. ആർക്കാണോ നീതി വേണ്ടത് അവർക്കായി ഉയരുന്ന ശബ്ദമായിരുന്നു പി ടിയുടേത്. താരത്തിളക്കത്തിൽ കേരളം ചർച്ച ചെയ്യാതെ പോകുമായിരുന്ന ഒരു കേസ് ഇന്നും കേരളത്തിൽ കത്തി നിൽക്കുന്നതും പി ടി എന്ന ദ്വയാക്ഷരിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാ‌ണ്. മലയാളത്തിലെ ജനപ്രിയ നടനായി വിലസിയ ദിലീപിനെ 82 ദിവസം ജയിലിൽ കിടത്തിയത് പി ടി തോമസ് എന്ന രാഷ്ട്രീയക്കാരന്റെ ആ കേസ്. നടിയെ ആക്രമിച്ച സംഭവം കേസായതു പോലും പിടിയുടെ നിശ്ചയദാർഢ്യം കൊണ്ടായിരുന്നു. അക്രമത്തിനിരയായ യുവതിയുടെ അടുത്ത് ആ രാത്രിയിൽ പി ടി എത്തിയതാണ് ആ കേസിൽ നിർണ്ണായകമായത്.

വാഹനത്തിനുള്ളിൽ അതിക്രൂരമായി നടിയെ പീഡിപ്പിച്ച ശേഷം പൾസർ സുനി അവരെ കൊണ്ടിറക്കിയത് നടൻ ലാലിന്റെ വീട്ടിലായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പാതിരാത്രിയിൽ നിർമ്മതാവ് കൂടിയായ ആന്റോ ജോസഫിനെ ലാൽ കാര്യമറിയിച്ചു. ഗൗരവം പിടി കിട്ടിയ ആന്റോ തന്റെ സുഹൃത്ത് കൂടിയായ പി ടി തോമസിനെ ആ രാത്രി വിളിച്ചുണർത്തി വണ്ടിയിൽ കയറ്റി. ലാലിന്റെ വീട്ടിലെത്തിയ തൃക്കാക്കര എംഎൽഎ കേട്ടത് ആ വാഹനത്തിനുള്ളിലെ നടക്കുന്ന പീഡനമായിരുന്നു. ഒരു പക്ഷേ സിനിമയിലെ വമ്പൻ തോക്കുകൾ ഇടെപട്ട് ഒതുക്കി തീർക്കാൻ സാധ്യതയുണ്ടായിരുന്ന കേസിൽ പിടി തോമസ് ഇടപെട്ടു. ഐജിയായിരുന്ന വിജയനെ ഫോണിൽ വിളിച്ച് എല്ലാം അറിയിച്ചു. പിടിയെ പോലൊരു എംഎൽഎ ഇടപെട്ട കേസിൽ എഫ് ഐ ആർ എടുത്തില്ലെങ്കിൽ ഉണ്ടാകുമായിരുന്ന പുലിവാലുകൾ പൊലീസ് തിരിച്ചറിഞ്ഞു. രാത്രിയിൽ നടിക്ക് ആത്മവിശ്വാസം പകർന്ന പിടി തോമസ് കേസുമായി മുമ്പോട്ട് പോകണമെന്ന് നിർദ്ദേശിച്ചു. അങ്ങനെ പൾസർ സുനി അകത്തായി. പിന്നാലെ ദീലീപും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. വിചാരണയിൽ കോടതിയിൽ എത്തി സാക്ഷി മൊഴിയും പിടി തോമസ് നൽകി. യാതൊരു വിധ സമ്മർദ്ദത്തിനും വഴങ്ങാത്ത മൊഴി. കേസിന്റെ അന്തിമ വിധിയിൽ ഇത് നിർണ്ണായകമായി മാറും. അന്ന് രാത്രി ആ കേസിന് പിന്നിൽ പൾസർ സുനിയാണെന്ന് നടി പറഞ്ഞത് പിടിയും കോടതിയിലെ രഹസ്യ വിചാരണയിൽ പറഞ്ഞിട്ടുണ്ട്. ഗൂഢാലോചനാ അന്വേഷണത്തിലേക്ക് കേസ് എത്തിയതിന് പിന്നിലും പിടി തോമസിന്റെ നിരന്തര ഇടപെടലുകൾ ഉണ്ട്. ഒരു ഘട്ടത്തിൽ താര സംഘടനയായ അമ്മയെ പോലും പരസ്യമായി വിമർശിച്ച് പിടി രംഗത്തു വന്നിരുന്നു. സിനിമയിലെ കൊള്ളരുതായ്മകൾക്കെതിരെ സിനിമാ സംഘടനകളുടെ കണ്ണു തുറപ്പിച്ചതും പിടിയുടെ ആ വെളിപ്പെടുത്തലുകളായിരുന്നു.

ദിലീപിന്റെ അറസ്റ്റിൽ കാര്യങ്ങൾ തീരില്ലെന്നും സംഭവത്തിനു പിന്നിലെ വിദേശബന്ധവും ഹവാല ഇടപാടും അടക്കം അന്വേഷിക്കണമെന്നും പി.ടി. തോമസ് എംഎൽഎ. വിദേശത്തേക്കു വലിയ തോതിൽ മനുഷ്യക്കടത്തു നടത്തിയ സംഭവവുമായി പൾസർ സുനിക്ക് ബന്ധമുണ്ട്. നടിക്കു നേരെ പീഡനശ്രമം ഉണ്ടായി 20 ദിവസം കഴിഞ്ഞപ്പോൾത്തന്നെ ഇതേക്കുറിച്ചു മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. ഈ കത്തു വെളിച്ചം കണ്ടിട്ടില്ല. കേസിൽ ഗൂഢലോചനയില്ലെന്ന് ആവർത്തിച്ചു പറഞ്ഞു മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുകയായിരുന്നുവെന്നും പിടി തോമസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തിൽ ജയിലിൽ കഴിയുന്ന ജിൻസൺ എന്ന പ്രതി സ്ഥലം എംഎൽഎയെന്ന നിലയിൽ തന്നോടു പറഞ്ഞ കാര്യങ്ങൾ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും കൈമാറിയിരുന്നു. കേസിലെ യഥാർഥ സംഭവങ്ങളെക്കുറിച്ചു പുറത്തറിഞ്ഞു എന്നു മനസ്സിലാക്കിയതോടെയാണ് സർക്കാരിനും നിലപാടു മാറ്റേണ്ടി വന്നത്. നിർണായകമായ ഒരു കേസും ബി. സന്ധ്യ അന്വേഷിച്ചു തെളിഞ്ഞിട്ടില്ല. എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഈ കേസിൽ സർക്കാർ അവരെ നിയോഗിച്ചതെന്നും പി.ടി. തോമസ് ആരോപിച്ചിരുന്നു. വിചാരണയ്‌ക്കൊടുവിലെ വിധിയിൽ പിടി തോമസിന്റെ ഈ ആരോപണം ശരിയാണോ എന്ന് തെളിയും. ആ വിധി കേൾക്കാൻ കാത്തു നിൽക്കാതെയാണ് പിടി തോമസിന്റെ വിടവാങ്ങൽ.

പൾസറിന്റെയും സംഘത്തിന്റെയും ആക്രമണത്തിനും അപമാനത്തിനും ഇരയായ നടി ഫെബ്രുവരി 17-ന് രാത്രി പത്തരയോടെയാണ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലാലിന്റെ കൊച്ചിയിലെ പടമുകളിലെ വീട്ടിൽ അഭയം തേടിയത്. ആക്രമിക്കപ്പെട്ട വിവരം കാറിൽവച്ചുതന്നെ നടി ലാലിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ലാൽ തന്റെ ഏറ്റവും അടുത്ത ഏതാനും സുഹൃത്തുക്കളെയും ഇക്കാര്യമറിയിച്ചു. പതിനൊന്നു മണിയോടെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ലാലിന്റെ വീട്ടിലെത്തി. പിന്നാലെ നിർമ്മാതാവ് ആന്റോജോസഫും സ്ഥലം എംഎൽഎ പിടി തോമസുമെത്തി. അപ്രതീക്ഷിതമായാണ് പിടി തോമസ് സ്ഥലത്തെത്തിയതെങ്കിലും അദ്ദേഹത്തിന്റെ നിർണായകമായ ഇടപെടലാണ് കേസിൽ വഴിത്തിരിവായത്.

ലാൽ ആന്റോ ജോസഫിനെ മാത്രമാണ് വിളിച്ചറിയിച്ചത്. ആന്റോയാണ് പിടി തോമസിനെ ഒപ്പം കൂട്ടിയതും. ലാലിന്റെ വീട്ടിലെത്തിയ പിടി തോമസ് നടിയിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് ഐജിയെ തന്റെ മൊബൈലിൽനിന്ന് വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. ഫോൺ നടിക്ക് കൈമാറുകയും ചെയ്തു. ട്രെയിൻ യാത്രയിലായിരുന്ന ഐജിയോട് നടിയും വിശദമായി കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് എംഎൽഎ വിളിച്ചറിയിച്ചതനുസരിച്ച് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയും പനത്രണ്ടരയോടെ ലാലിന്റെ വീട്ടിലെത്തി.

ഇതിനിടെ കാർ ഓടിച്ചിരുന്ന ഡ്രൈവർ മാർട്ടിൻ നടന്നതെന്തെന്ന് പൊലീസിനോടും എംഎൽഎയോടും വിശദീകരിച്ചു. ഇതിനിടെ സംഭവത്തിൽ പന്തികേടുണ്ടെന്നു മനസിലാക്കിയി പിടി തോമസ് അസി. പൊലീസ് കമ്മിഷണറെ മാറ്റി നിർത്തി ഡ്രൈവർ പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെടുത്തി. ഇയാളെ കൂടുതൽ ചോദ്യം ചെയ്യണമെന്നും പോകാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതോടെ പൊലീസിനും സംശയമായി. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പുലർച്ചെ രണ്ടു മണിയോടെ വീണ്ടും പൊലീസ് സംഘം ലാലിന്റെ വീട്ടിലെത്തി കാർ പരിശോധിച്ച് മടങ്ങി.

ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവും സ്ഥലത്തെത്തി. പുലർച്ചെ നാലിനു പൊലീസ് നടപടിക്രമങ്ങളുടെ ഭാഗമായി നടിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. രാവിലെ മാത്രമാണ് ലാലിന്റെ വീടിന് തൊട്ടടുത്തുണ്ടായിരുന്നവർ പോലും വിവരമറിയുന്നത്. ഇതിനിടെ അന്വേഷണം ഇഴയുന്ന ഘട്ടം വന്നപ്പോഴൊക്കെ പിടി തോമസ് വിഷയത്തിൽ ഫലപ്രദമായി ഇടപെടുകും ചെയ്തു. ഇതിനിടെ വിഷയം നിയമസഭയിലും എത്തിച്ചു. പിടി തോമസ് കൊച്ചിയിൽ നിരാഹരസസമരം നടത്തുകയും ചെയ്തു. എന്നാൽ നടനുമായി അടുത്തബന്ധമുണ്ടായിരുന്നു കൊച്ചിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ പിന്തുണയ്ക്കാൻ തായാറായില്ല.

കേസുമായി ബന്ധപ്പെട്ട് പിടി തോമസിനെതിരെ ദുഷ്പ്രചരണങ്ങൾ നടത്താൻ ചില കേന്ദ്രങ്ങളിൽനിന്ന് ശ്രമമുണ്ടാകുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ഇടപെടലാണ് ഒതുക്കിത്തീർക്കപ്പെട്ടേക്കാവുന്ന ഒരു കേസ് പൊലീസിന്റെ കൈകളിലേക്ക് എത്തിച്ചതെന്നതിൽ സംശയമില്ല.