play-sharp-fill
ഒരേതരം യൂണിഫോം ധരിച്ച്‌ ബാലുശ്ശേരിയിലെ കുട്ടികള്‍; പ്രതിഷേധവുമായി മുസ്ലിം യുവസംഘടനകള്‍

ഒരേതരം യൂണിഫോം ധരിച്ച്‌ ബാലുശ്ശേരിയിലെ കുട്ടികള്‍; പ്രതിഷേധവുമായി മുസ്ലിം യുവസംഘടനകള്‍

സ്വന്തം ലേഖിക

കോഴിക്കോട്: സംസ്ഥാനത്താദ്യമായി ഒരു സര്‍ക്കാര്‍ സ്കൂളില്‍ ലിംഗസമത്വ യൂണിഫോം ധരിച്ച്‌ കുട്ടികള്‍ പഠിക്കാനെത്തി.


ഒരേ തരം യൂണിഫോം ധരിക്കുന്ന ബാലുശ്ശേരി എച്ച്‌എസ്‌എസ് സ്കൂള്‍ കേരളത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തില്‍ത്തന്നെ ഇടം പിടിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിം യുവസംഘടനകള്‍ രംഗത്തെത്തി. ‘വസ്ത്രസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ ബാലുശ്ശേരി സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്.

എംഎസ്‌എഫ്, യൂത്ത് ലീഗ്, എസ്‌എസ്‌എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധമാര്‍ച്ച്‌ നടത്തുന്നത്. ഇവരെല്ലാം ചേര്‍ന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്ന സമിതി രൂപീകരിച്ചിരുന്നു.

വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും രാഷ്ട്രീയം സജീവ ചര്‍ച്ചയാകുന്നയിടത്താണ് , വസ്ത്രത്തിലെ തുല്യതയെന്ന സന്ദേശവുമായി ബാലുശ്ശേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുമ്പേ നടക്കുന്നത്. പെണ്‍കുട്ടികളുടെ സ്കൂൾ ആണെങ്കിലും ഹയര്‍ സെക്കൻഡറിയില്‍ ആണ്‍കുട്ടികളുമുണ്ട്.

ഇക്കുറി പ്രവേശനം നേടിയ പ്ലസ് വണ്‍ ബാച്ചിലാണ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കുന്നത്. 260 കുട്ടികളും ഇന്ന് മുതല്‍ ഏകീകൃതവേഷത്തിലാണ് സ്കൂളിലെത്തിയത്.

പരിപാടിയുടെ ഉദ്ഘാടനത്തിന് മുന്നേ തന്നെ പ്രതിഷേധവും ശക്തമായിരുന്നു. പുതിയ യൂണിഫോമണിഞ്ഞ് കുറച്ചു കുട്ടികള്‍ ചൊവ്വാഴ്ച സ്കൂളിലെത്തിയതോടെ, പ്രതിഷേധവുമായി എംഎസ്‌എഫ് പ്രവര്‍ത്തകരുമെത്തി.

കൂടിയാലോചിക്കാതെയാണ് തീരുമാനമെന്നും വസ്ത്ര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമെന്നും എംഎസ്‌എഫ് ആരോപിക്കുന്നു.

എന്നാൽ ഈ യൂണിഫോം വലിയ സൗകര്യമാണെന്ന് കുട്ടികള്‍ തന്നെ പറയുന്നു.