സേനയിലെ കരുത്തൻ; ഏതു ഭൂപ്രകൃതിയിലും കാലാവസ്‌ഥയിലും രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പ്രവര്‍ത്തനക്ഷമം; പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഉപയോഗിക്കുന്ന എംഐ17വി5
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 13 പേരുടെ മൃതദേഹങ്ങൾ നാളെ ഡെൽഹിയിൽ എത്തിക്കും. 14 പേരാണ് ഹെലികോപ്‌ടറിൽ സഞ്ചരിച്ചിരുന്നത്. ഇതിൽ ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപെട്ടത്.
ഊട്ടിയ്‌ക്ക് സമീപം കുനൂരിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ എഫ്‌എംഐ- 17V എന്ന ഹെലികോപ്‌ടർ ആണ് അപകടത്തിൽ പെട്ടത്. യാത്രാമധ്യേ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഹെലികോപ്‌ടർ തകർന്നുവീഴുകയായിരുന്നു. ജനവാസ മേഖലയോട് ചേർന്ന കുന്നിൻ ചെരിവാണ് ഈ മേഖല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സേനയിലെ കരുത്തൻ എംഐ17വി5 ഹെലികോപ്ടര്‍
ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്ന ആധുനിക ഗതാഗത ഹെലികോപ്ടര്‍ എംഐ17വി5.
രാവും പകലും ഏത് ഭൂമിശാസ്ത്രപരവും കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനാല്‍ ഇന്ത്യയില്‍ വി ഐ പികള്‍ ഉള്‍പ്പടെ ഈ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും ഉപയോഗിക്കുന്ന വിശ്വസ്ത ചോപ്പറായി ഇതിനെ പരിഗണിക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമേ രാജ്യത്തുടനീളമുള്ള രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, സൈനികരെ വിന്യസിക്കാനും ഇന്ത്യന്‍ വ്യോമസേന ഈ ഹെലികോപ്ടര്‍ ഉപയോഗിക്കുന്നു. സുലൂര്‍ എയര്‍ബേസിലാണ് പ്രധാനമായും ഈ ഹെലികോപ്‌ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
ജീവനക്കാരെയും ചരക്കിനെയും ഉപകരണങ്ങളെയും കൊണ്ടുപോകുന്നതിനാണ് ഈ ചോപ്പര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തന്ത്രപരമായ വ്യോമാക്രമണ സേനയെയും രഹസ്യാന്വേഷണ സംഘങ്ങളെയും രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് എത്തിക്കുന്നതിനും വ്യോമസേന എംഐ17വി5 ഹെലികോപ്ടര്‍ ഉപയോഗിക്കുന്നുണ്ട്.
റഷ്യന്‍ നിര്‍മ്മിത എംഐ17വി5 ഹെലികോപ്ടറുകള്‍ക്ക് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ 13,000 കിലോഗ്രാം ഭാരം വഹിച്ച് പറക്കാനാവും. ഹെലികോപ്ടറിന്റെ ഈ പ്രകടനവും, കരുത്തിലും വിശ്വസിച്ചാണ് ഇന്ത്യ എണ്‍പതോളം എംഐ17 ഹെലികോപ്ടറുകള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് റഷ്യയില്‍ നിന്നും വാങ്ങിയത്. 2018ലാണ് ഹെലികോപ്ടറിന്റെ അവസാന ബാച്ച് ഇന്ത്യയില്‍ എത്തിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് 2019 ഫെബ്രുവരിയില്‍ പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസം ജമ്മു കശ്മീരില്‍ ഉണ്ടായ അപകടത്തില്‍ തകര്‍ന്ന് വീണതും എംഐ17 ഹെലികോപ്ടറായിരുന്നു. പാക് വിമാനമെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ ഭാഗത്ത് നിന്നുമുള്ള ആക്രമണത്തിലാണ് അന്ന് എംഐ17വി5 തകര്‍ന്നത്. ഇതൊഴിച്ചാല്‍ എംഐ17വി5 വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഹിമാലയമടക്കമുള്ള മേഖലയില്‍ ചരക്ക് നീക്കങ്ങള്‍ക്ക് അടുത്തിടെ അമേരിക്കയില്‍ നിന്നും ബോയിംഗ് നിര്‍മ്മിച്ച ചിനൂക്ക് ഹെലികോപ്ടറുകളാണ് വ്യോമസേന ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഉയരങ്ങളിലേക്ക് കനത്ത പേലോഡുകള്‍ എത്തിക്കാന്‍ ഇതിനുള്ള കഴിവാണ് കാരണം. ഇതിന് പുറമേ സി17 ഗ്ലോബ്മാസ്റ്റര്‍, ഐഎല്‍76, ആന്‍32 എന്നീ വിമാനങ്ങളും ഐഎഎഫിന്റെ ട്രാന്‍സ്‌പോര്‍ട്ട് ഫ്ളീറ്റില്‍ ഉണ്ട്. എന്നിരുന്നാലും ഇവ സ്ഥിര ചിറകുള്ള വിമാനങ്ങളാണ്.