ഹെലികോപ്റ്റർ ദുരന്തം; കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും
സ്വന്തം ലേഖകൻ
ചെന്നൈ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫിസറും. തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപ് ആണ് ഊട്ടിക്ക് അടുത്തുള്ള കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ടത്.
ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രദീപ്, പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസമാണ് ഈ അപകടം സംഭവിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ നീലഗിരി കൂനൂരിനടുത്ത് അപകടത്തില്‍പ്പെട്ടത്.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്റ്റനന്റ് കേണല്‍ എച്ച്. സിങ്, വിങ് കമാന്‍ഡര്‍ പി.എസ്. ചൗഹാന്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീല്‍ദാര്‍ സത്പാല്‍, നായിക് ഗുര്‍സേവക് സിങ്, നായിക് ജിതേന്ദര്‍, ലാന്‍സ് നായിക് വിവേക്, ലാന്‍സ്നായിക് എസ്. തേജ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.