പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ഇറങ്ങിയോടി പുഴയില്‍ ചാടിയ പ്രതി മുങ്ങി മരിച്ചു
സ്വന്തം ലേഖകന്‍
തൊടുപുഴ: പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ഇറങ്ങിയോടി പുഴയില്‍ ചാടിയ പ്രതി മുങ്ങി മരിച്ചു.
കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫി കെ. ഇബ്രാഹിം (29) ആണ് മരിച്ചത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവംബര്‍ 30നു രാത്രി വൈകി തൊടുപുഴയിലെ ബാര്‍ ഹോട്ടലിലെത്തി മദ്യം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനു സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് ഷാഫിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ലോക്കപ്പിലായിരുന്ന ഷാഫി കയ്യിട്ട് സെല്ലിന്റെ വാതില്‍ തുറന്നു. സെല്‍ താഴിട്ടു പൂട്ടിയിരുന്നില്ല. പിന്‍വശത്തു കൂടി ഓടി സ്റ്റേഷന്റെ അരികിലുള്ള പുഴയില്‍ ചാടുകയായിരുന്നെന്നു പൊലീസ് പറയുന്നു.
നീന്തല്‍ അറിയാവുന്ന ഷാഫി പുഴയില്‍ക്കൂടി അര കിലോമീറ്ററോളം നീന്തിയെന്നും പിന്നീട് കാണാതായെന്നും ദൃക്സാക്ഷികള്‍ പറയുന്നു. തൊടുപുഴയാറ്റില്‍ ഈ ഭാഗത്തെ ചുഴിയില്പെട്ടതാവാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
തൊടുപുഴയിലെ അഗ്നിരക്ഷാ സേനയിലെ സ്കൂബാ സംഘം മുല്ലപ്പെരിയാറിലേക്കു പോയിരുന്നതിനാല്‍ കല്ലൂര്‍ക്കാടില്‍ നിന്നു സംഘമെത്തിയാണ് തിരച്ചില്‍ നടത്തിയത്. കഞ്ചാവു കടത്തല്‍ മോഷണം ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ഷാഫിയെന്ന് പൊലീസ് പറയുന്നു.
ഇക്കാര്യത്തില്‍ പൊലീസുകാര്‍ക്ക് ശ്രദ്ധക്കുറവുണ്ടായെന്നും നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി ആര്.കറുപ്പസ്വാമി പറഞ്ഞു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കും.