മോഡലുകളുടെ അപകടമരണം; ഹാര്‍ഡ് ഡിസ്കിനായുള്ള തെരച്ചില്‍ അവസാനിപ്പിച്ച് പൊലീസ്; ലഭ്യമായ ദൃശ്യങ്ങള്‍ കേസിൻ്റെ ഭാഗമാക്കും
സ്വന്തം ലേഖിക
കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്കിനായുളള തെരച്ചില്‍ അവസാനിപ്പിച്ചു.
ഹോട്ടലിലെ മറ്റു സിസിടിവികളില്‍ നിന്നും ലഭ്യമായ ദൃശ്യങ്ങള്‍ കേസിൻ്റെ ഭാഗമാക്കാനാണ് പൊലീസിൻ്റെ ഇനിയുള്ള ശ്രമം. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യുകയാണെന്നും ശക്തമായ തെളിവുകള്‍ സ്വീകരിച്ച് അന്വേഷണം വേഗത്തില്‍ തീര്‍ക്കുമെന്നും സി.എച്ച്.നാഗരാജു അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി കണ്ണങ്കാട് പാലത്തിനു സമീപം നമ്ബര്‍ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉപേക്ഷിച്ചെന്നാണ് ഉടമ റോയി വയലാട്ടും ജീവനക്കാരും പൊലീസിന് നല്‍കിയ മൊഴി. ഹാര്‍ഡ് ഡിസ്ക് പോലെ ഒരു സാധനം കണ്ടതായി ഈ ഭാഗത്ത് തന്നെയുളള ഒരു മത്സ്യത്തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്.
മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയ വസ്തു ഹാര്‍ഡ് ഡിസ്ക് ആണെന്നറിയാതെ താന്‍ വെളളത്തിലേക്ക് തന്നെ എറിഞ്ഞെന്നാണ് മത്സ്യത്തൊഴിലാളിയുടെ മൊഴി. ഇതനുസരിച്ച് പൊലീസ് ഈ ഭാഗത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അഗ്നിരക്ഷാസേനയേയും കോസ്റ്റ് ഗാര്‍ഡിനേയും ഒടുവില്‍ മത്സ്യത്തൊഴിലാളികളെ വച്ചും മൂന്നു ദിവസം തെരച്ചില്‍ നടത്തിയിട്ടും ഹാര്‍ഡ് ഡിസ്ക് കിട്ടാതെ വന്നതോടെയാണ് അവശേഷിച്ച തെളിവുകളില്‍ കേന്ദ്രീകരിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ പൊലീസ് തീരുമാനിച്ചത്.
അതേസമയം കേസില്‍ ഒളിവിലായിരുന്ന സൈജു തങ്കച്ചന്‍ അന്വേഷണസംഘത്തിന് മുമ്ബാകെ ഇന്ന് ഹാജരായി. കളമശ്ശേരി മെട്രോ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകര്‍ഷകര്‍ക്കൊപ്പം സൈജു ചോദ്യം ചെയ്യല്ലിന് ഹാജരായത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന ഒഡി കാര്‍ സൈജുവാണ് ഓടിച്ചിരുന്നത്.
അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തില്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനു ശേഷമാണ് സൈജു ഒളിവില്‍ പോയത്. ഇന്നലെ ചോദ്യം ചെയ്യല്ലിന് ആവശ്യപ്പെട്ട് പൊലീസ് ഇയാളുടെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഇയാള്‍ ഹാജരായില്ല.
നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സൈജു ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും പോലീസ് പ്രതി ചേര്‍ത്തിട്ടില്ല എന്നറിയിച്ചതോടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. അതിനുശേഷമാണ് പോലീസ് സൈജുവിന് നോട്ടീസ് അയച്ചത്. സൈജുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം മോഡലുകള്‍ സഞ്ചരിച്ച കാറോടിച്ച അബ്ദുറഹ്മാനെ പൊലീസ് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കും.