മദ്യലഹരിയിൽ ട്രാഫിക് എസ് ഐ ഓടിച്ചകാർ നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു; നാട്ടുകാർ തടഞ്ഞ് വെച്ച എസ്ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു

മദ്യലഹരിയിൽ ട്രാഫിക് എസ് ഐ ഓടിച്ചകാർ നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു; നാട്ടുകാർ തടഞ്ഞ് വെച്ച എസ്ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യപിച്ച്‌ ലക്കുകെട്ട ട്രാഫിക് എസ്.ഐ അമിതവേഗത്തില്‍ ഓടിച്ച കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു.

കാറുമായി കടക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പ്രതിഷേധിച്ചതോടെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി 8.45 ഓടെ പട്ടം പൊട്ടക്കുഴിയിലാണ് സംഭവം. പട്ടം ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കെ. അനില്‍കുമാറാണ് മദ്യലഹരിയില്‍ കാറോടിച്ച്‌ അപകടം ഉണ്ടാക്കിയത്.
അനില്‍കുമാര്‍ ഓടിച്ചിരുന്ന കാര്‍ പൊട്ടക്കുഴിഭാഗത്ത് റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്ക് ഇടിച്ചിട്ടശേഷം അടുത്ത ബൈക്കിനെ ഏറെ ദൂരം ഇടിച്ചു നിരക്കിക്കൊണ്ടുപോകുകയായിരുന്നു

ഇടിയില്‍ കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു.ബൈക്കുകള്‍ക്കും കാര്യമായ കേടുപാടുണ്ടായി. ഒരു ബൈക്കിന്റെ ടാങ്ക് പൊട്ടി റോഡില്‍ ഇന്ധനം ഒഴുകി.

ഇതിനുശേഷം രക്ഷപെടാന്‍ ശ്രമിച്ച അനില്‍കുമാറിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഈ സമയം ഇതുവഴി പോയ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു അടക്കമുള്ളവരും സംഭവം കണ്ട് അവിടെയിറങ്ങി.

കാറിന്റെ പിന്‍സീറ്റില്‍ അഴിച്ചുവച്ച പൊലീസ് യൂണിഫോം കണ്ടതോടെ തടിച്ചുകൂടിയ ജനങ്ങള്‍ രോഷാകുലരായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പൊലീസ് ബൈക്ക് ഉടമകളെ അനുനയിപ്പിച്ച്‌ പ്രശ്നം ഒതുക്കാനാണ് ആദ്യം ശ്രമിച്ചത്.

എന്നാല്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ സംഭവത്തിന്റെയും എസ്.ഐയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു. തുടര്‍ന്ന് എസ്.ഐയുടെ ചിത്രം പകര്‍ത്തിയതിനെ ചൊല്ലി പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പ്രതിഷേധം കനത്തതോടെ പൊലീസ് എസ്.ഐയെ കസ്റ്റഡിയിലെടുക്കുകയും കാര്‍ ക്രെയിന്‍ ഉപയോഗിച്ച്‌ ഇവിടെ നിന്ന് നീക്കുകയുമായിരുന്നു, അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്തെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

വൈദ്യ പരിശോധനയില്‍ എസ്.ഐ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചതായും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും മെഡിക്കല്‍ കോളേജ് പൊലീസ് പറഞ്ഞു. അനില്‍കുമാറിനെതിരെ വകുപ്പുതല നടപടിയും ഉണ്ടായേക്കും.