ഫോണിലെ പഞ്ചാര വാക്കില്‍ ഫ്‌ളാറ്റാക്കി; ഒറ്റപ്പുന്നയിലെ ലോഡ്ജിലേക്ക് എത്തിച്ചു നഗ്നചിത്രം പകര്‍ത്തി; 50 ലക്ഷം ചോദിച്ചു തുടങ്ങിയ വിലപേശല്‍ 20 ലക്ഷത്തിലായി; ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസില്‍ 2 പേർ കൂടി അറസ്റ്റിൽ
സ്വന്തം ലേഖിക
വൈക്കം: ഹണി ട്രാപ്പില്‍പെടുത്തി വൈക്കം സ്വദേശിയില്‍ നിന്നു പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു.
കാസര്‍കോട് ഹോസ്ദുര്‍ഗ് ഗുരുപുരം മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി (28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍ (35) എന്നിവരാണു പിടിയിലായത്. എറണാകുളം പുതുവൈപ്പ് സ്വദേശിയായ ഗൃഹനാഥനെയാണ് യുവതി വിളിച്ചു വരുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്തത്. ഇയാളിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രജനി വ്യാപാരിയോട് ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് സെപ്റ്റംബര്‍ 28ന് ചേര്‍ത്തല ഒറ്റപ്പുന്നയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ഒപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 1,35,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ലോഡ്ജിലെത്തിയ വ്യാപാരിയെ മുറിക്കുള്ളില്‍വെച്ച്, സഹോദരനെന്ന് പരിചയപ്പെടുത്തിയ സുബിന്‍,സുഹൃത്ത് ജോസിലിന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ച ശേഷമാണ് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത്.
ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിക്കുമെന്നു പറഞ്ഞ് 50 ലക്ഷം രൂപ അവശ്യപ്പെട്ടു. 20 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ചു. വ്യാപാരിയുടെ വീട്ടിലെത്തി 1.35 ലക്ഷം രൂപ വാങ്ങി കടന്നു കളയുകയായിരുന്നു.
ബാക്കി തുകയ്ക്ക് ഒക്ടോബര്‍ ഒന്നിന് എത്തുമെന്ന് അറിയിക്കുകയായിരുന്നു. വൈക്കത്ത് വര്‍ക്ക് ഷോപ്പ് നടത്തുന്ന ഗൃഹനാഥനോട് യുവതിയുടെ കൂട്ടാളികള്‍ വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ചു പണത്തെ ചൊല്ലി കലഹിച്ചതോടെയാണ് പ്രശ്‌നം വഷളായത്.
കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ട 57 കാരന്‍ ജീവിതം തകരാതിരിക്കാന്‍ കടം വാങ്ങിയും പണം നല്‍കേണ്ട സ്ഥിതിയുണ്ടാകുമെന്ന് വന്നതോടെ സുഹൃത്തുക്കളുടേയും മറ്റും പ്രേരണയാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ വിവരം വ്യാപാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറി. തുടര്‍ന്ന് പണം നല്‍കാനെന്ന വ്യാജേനായണ് സംഘത്തെ വീണ്ടും എത്തിച്ചത്.
ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസും വ്യാപാരിയുടെ വീട്ടിലെത്തി. യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ കാറിലുണ്ടായിരുന്നു. ഇതില്‍ ജോസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ കടന്നുകളഞ്ഞു.
കാസര്‍കോട് സ്വദേശിയായ പണമിടപാടുകാരന്റെ കാറാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് 80,000 രൂപ കൊടുത്ത്, ബാക്കി പണം നല്‍കാമെന്നുപറഞ്ഞ് കാര്‍ തട്ടിയെടുക്കുകയായിരുന്നു. യുവതി നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വൈക്കം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.ജെ തോമസ്സ്, വൈക്കം എസ്സ്.എച്ച്.ഒ കൃഷ്ണന്‍ പോറ്റി, എസ്സ് ഐ അജ്മല്‍ ഹുസൈന്‍, അബ്ദുള്‍ സമദ്, ഏ എസ് ഐ പ്രമോദ്, സുധീര്‍, എസ്സ് സി പി ഒ മാരായ ശിവദാസപണിക്കര്‍, ബിന്ദുമോഹന്‍, സി.പി.ഒ സെയ്ഫൂദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. യുവതിക്ക് വൈക്കത്തെ ചില പ്രമുഖരായ വ്യാപാരികളടക്കമുള്വരുമായി ബന്ധമുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്.