play-sharp-fill
പുതുപ്പള്ളി പോലും പോരുമോ ഇടത്തേയ്ക്ക്..! കോട്ടയം പിടിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ഇടതു മുന്നണി: കടുത്തുരുത്തിയിൽ ജോസ് കെ.മാണി; പൂഞ്ഞാറിലോ, കാഞ്ഞിരപ്പള്ളിയിലോ അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ എത്തിയേക്കും; ഒൻപതിൽ ഒൻപതും ഉറപ്പിക്കാൻ ഇടതു പോരാട്ടം

പുതുപ്പള്ളി പോലും പോരുമോ ഇടത്തേയ്ക്ക്..! കോട്ടയം പിടിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ഇടതു മുന്നണി: കടുത്തുരുത്തിയിൽ ജോസ് കെ.മാണി; പൂഞ്ഞാറിലോ, കാഞ്ഞിരപ്പള്ളിയിലോ അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ എത്തിയേക്കും; ഒൻപതിൽ ഒൻപതും ഉറപ്പിക്കാൻ ഇടതു പോരാട്ടം

ഏ.കെ ശ്രീകുമാർ

കോട്ടയം: കഴിഞ്ഞ തവണ യു.ഡി.എഫ് മുന്നണിയുടെ ഭാഗമായിരുന്നപ്പോൾ കേരള കോൺഗ്രസിന്റെ സഹായത്തോടെ ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങളും വലത്തേയ്ക്കു ചാഞ്ഞിരുന്നു. എന്നാൽ, ഇക്കുറി ഒൻപതിൽ ഒൻപതും മലർത്തിയടിക്കുക എന്ന ലക്ഷ്യത്തോടെ ജോസ് കെ.മാണിയും സി.പി.എമ്മും കൈ കോർക്കുന്നതോടെ ജില്ലയിൽ അരങ്ങേറുക പൊടിപാറുന്ന പോരാട്ടം.


കോട്ടയം ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിൽ പുതുപ്പള്ളിയും, കോട്ടയവും എല്ലാക്കാലത്തും ഇടതു മുന്നണിയ്ക്കു ബാലികയറാമലയാണ്. എന്നാൽ, സഭാ പ്രശ്‌നത്തിൽ ഇടതിനൊപ്പം നിൽക്കുന്ന യാക്കോബായ സഭയും കേരള കോൺഗ്രസും കൈ കോർത്തു നിന്നാൽ പുതുപ്പള്ളിയും ഇക്കുറി ചുവക്കുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസിനെ കൂടെ നിർത്താൻ അൽപ്പം കൈ അയച്ചു സഹായത്തിനു പോലും സി.പി.എം തയ്യാറാകുമെന്നാണ് ലഭിക്കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമായിരുന്നപ്പോൾ ഏറ്റുമാനൂർ, പാലാ, കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളിലാണ് കേരള കോൺഗ്രസ് മത്സരിച്ചത്. കോട്ടയം, വൈക്കം, പുതുപ്പള്ളി സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു ലഭിച്ചിരുന്നത്. കഴിഞ്ഞ തവണ കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ സീറ്റുകളിൽ സി.പി.എമ്മും, വൈക്കത്തും കാഞ്ഞിരപ്പള്ളിയിലും സി.പി.ഐയും, കടുത്തുരുത്തിയിൽ കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗവും, പാലായിൽ എൻ.സി.പിയും, ചങ്ങനാശേരിയിലും പൂഞ്ഞാറിലും ജനാധിപത്യ കേരള കോൺഗ്രസുമാണ് മത്സരിച്ചിരുന്നത്.

ഇത്തവണ കേരള കോൺഗ്രസിനു വേണ്ടി സി.പി.എമ്മും സി.പി.ഐയും വിട്ടു വീഴ്ചകൾ ചെയ്യുമെന്നാണ് സൂചന. പാലാ എൻ.സി.പി കേരള കോൺഗ്രസിനു വിട്ടു നൽകാൻ തയ്യാറായാൽ ഇവിടെ ഇടുക്കി എം.എൽ.എയും പാലാക്കാരനുമായ റോഷി അഗസ്റ്റിൻ മത്സരിക്കാനെത്തും. പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ വിട്ടു കിട്ടിയാൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പേര് രണ്ടു സീറ്റിലേയ്ക്കും പരിഗണിക്കുന്നുണ്ട്. പൂഞ്ഞാർ സീറ്റിൽ പി.സി ജോർജും, ബി.ജെ.പിയും യു.ഡി.എഫും വ്യത്യസ്ത സ്ഥാനാർത്ഥികളെ നിർത്തിയാൽ സി.പി.എമ്മിന്റെയും കേരള കോൺഗ്രസിന്റെയും വോട്ട് കൃത്യമായി നേടി വിജയിച്ചു കയറാനാവുമെന്നാണ് കേരള കോൺഗ്രസിന്റെ കണക്കു കൂട്ടൽ.

കഴിഞ്ഞ തവണ ജനാധിപത്യ കേരള കോൺഗ്രസ് മത്സരിച്ചു പരാജയപ്പെട്ട ചങ്ങനാശേരിയിൽ എൻ.എസ്.എസ് നേതൃത്വത്തിനു കൂടി താല്പര്യമുള്ള എൻ.ജയരാജ് എം.എൽ.എയെ മത്സരിപ്പിക്കുന്നതിനാണ് സി.പി.എം ശ്രമിക്കുന്നത്. ഇങ്ങനെയാണെങ്കിൽ കാഞ്ഞിരപ്പള്ളി സി.പി.ഐയ്ക്കു തന്നെ നൽകി രണ്ടു സീറ്റുകളിൽ വിജയം ഉറപ്പാക്കാനാണ് ശ്രമം.

നിലവിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ ആയ എൻ.ജയരാജ് ചങ്ങനാശ്ശേരിയിൽ നിന്നും ഇക്കുറി ജനവിധി തേടുമെന്നാണ് ഏറ്റവും ഒടിവിൽ ലഭിക്കുന്ന സൂചന. കേരള കോൺഗ്രസ്സ് സിറ്റിങ് സീറ്റായ ഇവിടെ എൻ.എസ്.എസ് വ്യക്തമായ സ്വാധീനമുണ്ട്. ഒപ്പം ക്രൈസ്തവ വിഭാഗത്തിനും സ്വീകാര്യനായ വ്യക്തിയാണ് ജയരാജ്. ഇത് ചങ്ങനാശ്ശേരിയിൽ അനുകൂലമായി മാറ്റുവാൻ കഴിയുമെന്നാണ് കേരള കോൺഗ്രസ്സ് പ്രതീക്ഷ.

ഇനി കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസ് തന്നെ നിലനിർത്തുകയും, ജയരാജ് ചങ്ങനാശേരിയിലേയ്ക്കു മാറുകയും ചെയ്താലും ഇവിടെ അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കലിനെയും പരിഗണിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി സി.പി.ഐ വിട്ട് കൊടുക്കുമ്പോൾ പകരം ജില്ലയിൽ തന്നെ മറ്റൊരു സീറ്റാണ് അവർ ആവശ്യപ്പെടുന്നത്. ഏറ്റുമാനൂർ സീറ്റ് സി.പി.ഐ. ആഗ്രഹിക്കുന്നുണ്ടെങ്കിലും സിറ്റിങ് സീറ്റ് സി.പി.എം വിട്ട് നൽകില്ല. ഇവിടെ സുരേഷ് കുറുപ്പിന് പകരം വി.എൻ.വാസവൻ സ്ഥാനാർത്ഥിയാവും.

കാഞ്ഞിരപ്പള്ളിക്ക് പകരം സി.പി.ഐക്ക് പൂഞ്ഞാർ സീറ്റ് വിട്ട് നൽകുവാനാണ് എൽ.ഡി.എഫ് ലെ ആലോചന. അങ്ങനെ വന്നാൽ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവും, നിലവിലെ ജില്ലാ പഞ്ചായത്തംഗവുമായ ശുഭേഷ് സുധാകരൻ സ്ഥാനാർത്ഥിയാവും. കാഞ്ഞിരപ്പള്ളി സി.പി.ഐ തന്നെ നിലനിർത്തിയാലും ശുഭേഷിന്റെ പേര് തന്നെ ഇവിടേയ്ക്കു പരിഗണിക്കുന്നുണ്ട്. പാലായിക്ക് പകരം പൂഞ്ഞാർ എൻ.സി.പി ഏറ്റെടുക്കുവാൻ തയ്യാറായാൽ സി.പി.ഐക്ക് കാഞ്ഞിരപ്പള്ളിക്ക് പകരം മറ്റ് എതെങ്കിലും ജില്ലയിൽ ആയിരിക്കും ഒരു സീറ്റ് ലഭിക്കുക.

യാക്കോബായ സഭക്കാരനായ ജെയ്ക് സി.തോമസ് തന്നെയാവും സി പി എം പുതുപ്പള്ളിയിൽ ഇക്കുറിയും സ്ഥാനാർത്ഥിയാകുക. കേരള കോൺഗ്രസിനും സി.പി.എമ്മിനും ചില ബെൽറ്റുകളിൽ പുതുപ്പള്ളിയിൽ സ്വാധീനമുണ്ട്. ഇത് മുതലെടുക്കുന്നതിനും പറ്റുമെങ്കിൽ ഉമ്മൻചാണ്ടിയെ തന്നെ അട്ടിമറിക്കുന്നതിനും സി.പി.എം ശ്രമം തുടങ്ങിക്കഴിഞ്ഞു.