play-sharp-fill
പക്ഷിപ്പനി; നീണ്ടൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം: 3500 താറാവുകളെ കൊന്നു

പക്ഷിപ്പനി; നീണ്ടൂരിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം: 3500 താറാവുകളെ കൊന്നു

സ്വന്തം ലേഖകൻ

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂർ പഞ്ചായത്തിൽ രോഗപ്രതിരോധം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ നിയോഗിച്ച ദ്രുതകർമ്മ സേന ചൊവ്വാഴ്ച 3500 താറാവിൻ കുഞ്ഞുങ്ങളെ കൊന്നു. ഇതിൽ 3300 താറാവുകളും രോഗബാധ കണ്ടെത്തിയ ഫാമിലേതാണ്. 200 എണ്ണം സമീപ മേഖലകളിൽ വളർത്തിയിരുന്നവയാണ്. കൊന്ന താറാവുകളെ രാത്രിയിൽ സമീപത്തെ ഒഴിഞ്ഞ തുരുത്തിൽ കത്തിച്ചു നശിപ്പിച്ചു.


രാവിലെ 10.30നാണ് താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചത്. അഞ്ചു പേർ വീതം അടങ്ങുന്ന എട്ടു ദ്രുതകർമ്മ സേനകളെയാണ് മേഖലയിൽ വിന്യസിച്ചിരുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വൈദ്യപരിശോധന നടത്തി പ്രതിരോധ മരുന്ന് നൽകിയശേഷം ആറു സംഘങ്ങളെ രോഗം സ്ഥിരീകരിച്ച ഫാമിലും രണ്ടു സംഘങ്ങളെ പുറത്തുമാണ് നിയോഗിച്ചത്. എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് ജോലിക്കിറങ്ങിയത്. ഇടയ്ക്ക് മഴപെയ്തെങ്കിലും നടപടികൾക്ക് തടസമുണ്ടായില്ല.
കൊന്ന താറാവുകളെ ചാക്കുകളിലാക്കി കെട്ടിയശേഷമാണ് കത്തിച്ചു നശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സബ്കളക്ടർ രാജീവ്കുമാർ ചൗധരി, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, തഹസിൽദാർ പി.ജി. രാജേന്ദ്രബാബു എന്നിവർ നടപടികൾക്ക് മേൽനോട്ടം വഹിച്ചു. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ ഡോ. സജീവ് കുമാർ, ഡോ. പ്രസീന, ഫീൽഡ് ഓഫീസർ ഷാനവാസ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നടപടികളിൽ പങ്കാളികളായി.

മേക്കാവ് എസ്.കെ.വി. എൽ.പി സ്‌കൂളിൽ ക്യാമ്പ് ചെയ്യുന്ന ദ്രുതകർമ്മ സേന ബുധനാഴ്ച രാവിലെ നടപടികൾ പുനരാരംഭിക്കും. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ഫാമിൽ ശേഷിക്കുന്ന താറാവുകളെയും രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയും കൊന്നൊടുക്കുന്നത് ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികൾ തുടരുമെന്നും ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.