പുതുപ്പള്ളി കൊച്ചാലുംമ്മൂട് അപകടം: മരണം നാലായി; മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന എട്ടു വയസുകാരനും മരിച്ചു; മരിച്ചത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

പുതുപ്പള്ളി കൊച്ചാലുംമ്മൂട് അപകടം: മരണം നാലായി; മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന എട്ടു വയസുകാരനും മരിച്ചു; മരിച്ചത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പുതുപ്പള്ളി കൊച്ചാലുമ്മൂട്ടിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു എട്ടു വയസുകാരനും മരിച്ചു. അപകടത്തിൽ മരിച്ച ജലജയുടെ മകൻ അമിതും (എട്ട്) മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പുതുപ്പള്ളി ഇരവിനല്ലൂർ തൃക്കോതമംഗലത്തുണ്ടായ അപകടത്തിൽ മുണ്ടക്കയം കരിനിലം കുന്നപ്പള്ളിയിൽ കുഞ്ഞുമോന്റെ മകൻ ജിൻസ് (33), ജിൻസിന്റെ അച്ഛന്റെ സഹോദരിയുടെ ഭർത്താവ് കുന്നന്താനം സ്വദേശി മുരളി (70), ഇദ്ദേഹത്തിന്റെ മകൾ ജലജ (40) എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പുതുപ്പള്ളി ഇരവിനല്ലൂർ കൊച്ചാലുമ്മൂട്ടിൽ കെ.എസ്.ആർ.ടി.സി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചത്. പാമ്പാടിയിലെ മരണവീട്ടിൽ പോയ ശേഷം മടങ്ങിവരികയായിരുന്നു കുടുംബം. ചങ്ങനാശേരിയിൽ നിന്നും പുതുപ്പള്ളി വഴി ഏറ്റുമാനൂരിലേയ്ക്കു പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിന്റെ മുൻഭാഗം ബസിന്റെ മുന്നിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. കാർ ഓടിച്ചിരുന്നത് ജിൻസായിരുന്നു. മുരളിയും ജിൻസിനൊപ്പം മുൻ സീറ്റിലാണ് ഇരുന്നിരുന്നത്. ഇരുവരും ഇടിയുടെ ആഘാതത്തിൽ കാറിന്റെ അടിയിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. കോട്ടയത്തു നിന്നും എത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരാണ് കാർ വെട്ടിപ്പൊളിച്ച് മുരളിയുടെയും ജിൻസിന്റെയും മൃതദേഹങ്ങൾ പുറത്ത് എടുത്തത്.

കഞ്ഞിക്കുഴി മാഗ്നഫിൻകോർപ്പ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനാണ് ജിൻസ്. ജിൻസിന്റെ ഭാര്യ – ശ്രീക്കുട്ടി. മകൾ – നിയാമോൾ.