play-sharp-fill
മറിയപ്പള്ളിയിൽ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ആളെ തിരിച്ചറിഞ്ഞു: മരിച്ചത് വൈക്കം സ്വദേശി തന്നെ; ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്; പൊലീസ് അന്വേഷണം അടുത്ത ഘട്ടത്തിലേയ്ക്ക്

മറിയപ്പള്ളിയിൽ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ആളെ തിരിച്ചറിഞ്ഞു: മരിച്ചത് വൈക്കം സ്വദേശി തന്നെ; ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്; പൊലീസ് അന്വേഷണം അടുത്ത ഘട്ടത്തിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: മറിയപ്പള്ളി ഇന്ത്യ പ്രസിന്റെ പുരയിടത്തിൽ കണ്ടെത്തിയ അസ്ഥികൂടം വൈക്കം വെച്ചൂർ സ്വദേശിയുടേത് തന്നെയെന്നു ഡി.എൻ.എ പരിശോധനാ ഫലം. കുമരകത്തെ ബാർ ജീവനക്കാരനായ വൈക്കം കുടവച്ചൂർ താമിക്കല്ല് ഭാഗത്ത് വെളുത്തേടത്ത് ചിറയിൽ ജിഷണു ഹരിദാസിന്റേത് (23) തന്നെയാണ് മൃതദേഹമെന്നുള്ള ഡി.എൻ.എ പരിശോധനാ ഫലം ചൊവ്വാഴ്ച വൈകിട്ടോടെയാണ് പുറത്തു വന്നത്. അസ്ഥികൂടത്തിൽ നിന്നും ലഭിച്ച ഡി.എൻ.എ സാമ്പിളും, ജിഷ്ണുവിന്റെ അച്ഛനിൽ നിന്നും ലഭിച്ച ഡി.എൻ.എ സാമ്പിളും ശേഖരിച്ചാണ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധന നടത്തിയത്. ഇതിനു ശേഷമാണ് മരിച്ചത് ജിഷ്ണു തന്നെയാണ് എന്നുറപ്പിച്ചത്.


മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും
ഡി.എൻ.എ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിൽ മൃതദേഹം ജിഷ്ണുവിന്റെ ബന്ധുക്കൾക്കു വിട്ടു നൽകുമെന്നു ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. നിലവിൽ ജിഷ്ണുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിഷ്ണു തൂങ്ങി മരിച്ചതാണ് എന്നു തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെ സംഘവും ഇതിനെ ശരിവയ്ക്കുന്നു. എന്നാൽ, ശാസ്ത്രീയ പരിശോധനാ ഫലം പുറത്തു വന്ന ശേഷം മാത്രമേ മരണകാരണം കൂടുതൽ വ്യക്തമാകൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജൂൺ 26 നാണ് നാട്ടകം മറിയപ്പള്ളി ഇന്ത്യ പ്രസിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു നിന്നും അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെ നിന്നും ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം ജിഷ്ണു ഹരിദാസിന്റേതാണ് എന്ന നിഗമനത്തിൽ എത്തിയത്. തുടർന്നു ബന്ധുക്കളെ വിളിച്ചു വരുത്തി. ജിഷ്ണുവിന്റെ മൊബൈൽ ഫോണും, സിം കാർഡും ഇവർ തിരിച്ചറിഞ്ഞിരുന്നു.

കുമരകം ആശിർവാദ് ബാറിലെ ജീവനക്കാരനായിരുന്നു ജിഷ്ണുവിനെ ജൂൺ മൂന്ന് മുതലാണ് കാണാതായിരുന്നത്. രാവിലെ എട്ടു മണിയോടെയാണ് ജിഷ്ണു വീട്ടിൽ നിന്നും ജോലിയ്ക്കായി പുറപ്പെട്ടത്. വൈകിട്ട് ഏഴു മണിയായിട്ടും ജിഷ്ണുവിനെ കാണാതെ വന്നതോടെ ബാർ ജീവനക്കാർ വീട്ടിൽ എത്തിയതോടെയാണ് ഇയാളെ കാണാനില്ലെന്നു തിരിച്ചറിഞ്ഞത്. ഫോൺ സ്വിച്ച് ഓഫുമായിരുന്നു. തുടർന്ന് ബന്ധുക്കളും ബാർ ജീവനക്കാരും ചേർന്നു അന്വേഷണം നടത്തിയതോടെ , കാണാതായ ദിവസം രാവിലെ 8.45 ന് ജിഷ്ണു കോട്ടയം ഭാഗത്തേയ്ക്കുള്ള ബസിൽ കയറി പോകുന്നത് കണ്ടതായി ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ മൊഴി നൽകി. കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ജിഷ്ണുവിന്റെ ചിത്രം കണ്ട് തിരിച്ചറിഞ്ഞു.

എന്നാൽ, ജിഷ്ണുവിന്റെ കഴുത്തിൽ കിടന്നു നാലു പവനോളം തൂക്കമുള്ള മാല കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് കൂടാതെ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗും കണ്ടെത്തിയിട്ടില്ല. എന്നാൽ, ബന്ധുക്കൾ ഉയർത്തിയ സംശങ്ങൾ എല്ലാം ദൂരീകരിച്ചതായാണ് പൊലീസ് നിലപാട്.