സമരക്കൊടി ഉയർത്തിയ അതിഥി തൊഴിലാളികളുടെ ഇടയിലേക്ക് കൂടത്തായി ഹീറോ എസ്.പി കെ.ജി സൈമണിന്റെ മാസ് എൻട്രി ; ഒപ്പം ഓടടാ എന്ന ആക്രോശവും : പത്തനംതിട്ട മറ്റൊരു പായിപ്പാട് ആവാതിരുന്നത് എസ്.പിയുടെ സമയോചിതമായ ഇടപെടൽ മൂലം
സ്വന്തം ലേഖകൻ
പത്തനംതിട്ട: അതിഥി തൊഴിലാളികളുടെ സമരത്തെ തുടർന്ന് പത്തനംതിട്ട മറ്റൊരു പായിപ്പാട് ആകാതിരുന്നത് കൂടത്തായി കേസിലെ ഹീറോ ആയി മാറിയ എസ്പി കെജി സൈമണിന്റെ സമയോചിതമായ ഇടപെടൽ മൂലം.
ലോക് ഡൗൺ കാലത്ത് സമരക്കൊടി ഉയർത്തിയ അതിഥി തൊഴിലാളികൾക്ക് ഇടയിലേക്ക് വന്നിറങ്ങിയ എസ്പിയുടെ ഭാഗത്ത് നിന്നും അതിഥി തൊഴിലാളികളുമായി അനുരജ്ഞന സംഭാഷണം നടത്തുന്നതിന് പകരം ഓടടാ എല്ലാം എന്നൊരു ആക്രോശം മാത്രമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.പിയുടെ ആക്രോശത്തിൽ ഭയന്ന് പോയ തൊഴിലാളികൾ അഞ്ചു മിനുട്ട് സമരത്തിൽ നിന്നും പിൻന്മാറി. കൂടാതെ പായിപ്പാടിനേത് സമാനമായ പത്തനംതിട്ടയിലെ സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ബസ് സ്ഥാപനത്തിലെ മാനേജരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കണ്ണങ്കരയിൽ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ തൊഴിലാളികൾ തടിച്ചു കൂടിയത്. തങ്ങൾക്ക് ബീഹാറിലേക്ക് പോകണം എന്നാവശ്യപ്പെട്ട് ഒരു സംഘം തൊഴിലാളികൾ സൂര്യ ട്രാവൽസ് ഉടമകളെ സമീപിച്ചിരുന്നു.
സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നെല്ലാം ഈ രീതിയിൽ ബസ് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നും ആലപ്പുഴയിൽ നിന്ന് സൂര്യ ട്രാവൽസ് ഇതേ രീതിയിൽ സർവീസ് നടത്തിയിരുന്നുവെന്നും പറയുന്നു.
ഈ വിവരം അറിഞ്ഞാണ് അതിഥി തൊഴിലാളികൾ ബസ് വാടകയ്ക്ക് വേണം എന്നാവശ്യപ്പെട്ട് സൂര്യ ട്രാവൽസിൽ എത്തിയത്. ഇതിനുള്ള പാസിനായി ട്രാവൽസ് മാനേജർ ആസാദ് തിങ്കളാഴ്ച രാവിലെ കളക്ടറേറ്റിൽ അപേക്ഷ നൽകി.
എന്നാൽ പാസ് നൽകാൻ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിരുന്നു. ഈ വിവരം തൊഴിലാളികളെ അറിയിച്ചതോടെയാണ് അവർ സംഘം ചേർന്ന് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയത്. ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിനെ നേരിൽ കണ്ട് തൊഴിലാളികൾ പരാതി അറിയിച്ചു. ഉദയഭാനും കളക്ടറേറ്റിൽ ബന്ധപ്പെട്ട ശേഷം പാസ് നൽകാൻ നിർവാഹമില്ല എന്ന് അറിയിച്ചിരുന്നു.
എന്നാൽ ഇതിന് ശേഷം പുറത്തിറങ്ങിയ തൊഴിലാളികൾ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നിൽ നിന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ് എത്തിയ എസ്ഐ ചർച്ച നടത്തിയെങ്കിലും തൊഴിലാളികൾ വഴങ്ങാതെ വരികെയായിരുന്നു. തൊട്ടുപിന്നാലെ ഡിവൈഎസ്പിയും എത്തി. തൊഴിലാളികളെ അനുനയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും പാളുകയായിരുന്നു.
കൂടുതൽ തൊഴിലാളികൾ എത്തുകയും രംഗം വഷളാവുകയും ചെയ്തപ്പോഴാണ് എസ്.പി കെ.ജി സൈമൺ എല്ലാവരെയും വിരട്ടി ഓടിച്ചതും. അതിന് ശേഷം ഹിന്ദിയിലുള്ള അനൗൺസ്മെന്റും പുറപ്പെടുവിച്ചു.
അനധികൃതമായി കൂട്ടം ചേരരുത്, ക്യാമ്പിന് പുറത്ത് ഇറങ്ങരുത് എന്നിങ്ങനെയാണ് അനൗൺസ്മെന്റ്. ശ്രമിക് ട്രെയിൻ വഴി മാത്രമേ തൊഴിലാളികളെ നാട്ടിലേക്ക് അയക്കാൻ കഴിയൂവെന്ന് എസ്പി അറിയിച്ചു. കൂടാതെ ലോക് ഡൗൺ കാലത്ത് ഇവർക്കായി ഭക്ഷണം ലഭ്യമാക്കുമെന്നും കെജി സൈമൺ അറിയിച്ചു.