play-sharp-fill
കൊറോണയെ പ്രതിരോധിച്ച് വീണ്ടും പനച്ചിക്കാട്: മൺചിരാത് തെളിയിച്ചു: നാട്ടുകാർ കയ്യടിച്ചു; പൂക്കൾ നൽകി: രോഗവിമുക്തരായ പനച്ചിക്കാട് സ്വദേശികളെ ആരവങ്ങോടെ സ്വീകരിച്ച് നാട്

കൊറോണയെ പ്രതിരോധിച്ച് വീണ്ടും പനച്ചിക്കാട്: മൺചിരാത് തെളിയിച്ചു: നാട്ടുകാർ കയ്യടിച്ചു; പൂക്കൾ നൽകി: രോഗവിമുക്തരായ പനച്ചിക്കാട് സ്വദേശികളെ ആരവങ്ങോടെ സ്വീകരിച്ച് നാട്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണയെ പ്രതിരോധിച്ച് പൊരുതിത്തോൽപ്പിച്ച് മടങ്ങിയെത്തിയവരെ കയ്യടിയും പുഷ്പ വൃഷ്ടിയും മൺചിരാത് തെളിയിച്ചും സ്വീകരിച്ച് ഒരു നാട്..! പനച്ചിക്കാട് പഞ്ചായത്തിലെ രോഗ ബാധിതരായിരുന്ന മൂന്നു പേരെയുമാണ് നാട് ഒറ്റക്കെട്ടായി നിന്ന് സ്വീകരിച്ചത്. പനച്ചിക്കാട് നിന്നും രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന കുഴിമറ്റം സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ, ഇയാളുടെ അമ്മ, ഇയാളുടെ ബന്ധു എന്നവരാണ് തിങ്കളാഴ്ച ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയത്.


തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇവർ രോഗ വിമുക്തരായി എന്ന ഫലം പുറത്തു വന്നത്. ആറരയോടെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വിട്ടയക്കുകയും ചെയ്തു. ഇതിനു പിന്നാലെ, അരമണിക്കൂറിനു ശേഷമാണ് ഇവർ വീട്ടിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആംബുലൻസിൽ ഇവർ വീട്ടു വാതിലിൽ എത്തിയപ്പോൾ തന്നെ നാട്ടുകാർ എത്തിയിരുന്നു. രോഗ വിമുക്തയായ ഇവരെ സർക്കാരിന്റെ ലോക്ക് ഡൗൺ പ്രോട്ടോക്കോളുകൾ പാലിച്ചാണ് നാട്ടുകാർ ചേർന്നു സ്വീകരിച്ചത്.

പനച്ചിക്കാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ റോയി മാത്യു പൂക്കൾ നൽകി. നാട്ടുകാർ ഇവരുടെ വീട്ടിലേയ്ക്കുള്ള വഴിയിൽ മൺ ചിരാതുകൾ തെളിയിച്ചു. ആംബുലൻസിൽ നിന്നും രോഗ വിമുക്തരായവർ പുറത്തിറങ്ങിയതും നാട്ടുകാർ കൂടി നിന്ന് കയ്യടിച്ചാണ് ഇവരെ സ്വീകരിച്ചത്.

ഇവർക്കു രോഗമില്ലെന്നു സ്ഥിരീകരിച്ചതോടെ ഇനി പഞ്ചായത്തിൽ ഒരാൾക്കു മാത്രമാണ് രോഗമുള്ളത്. ചാന്നാനിക്കാട് സ്വദേശിയായ യുവതി കൂടി രോഗവിമുക്തയായാൽ പഞ്ചായത്ത് ഹോട്ട് സ്‌പോട്ടിൽ നിന്നും കണ്ടെയ്ൻമെന്റ് സോണിൽ നിന്നും മാറുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.