ലോക്ക് ഡൗൺ കഴിഞ്ഞാലും സിനിമ കാണണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടും ; തീയറ്ററുകൾ തുറക്കുന്നത് വൈകുമെന്ന് സൂചന

ലോക്ക് ഡൗൺ കഴിഞ്ഞാലും സിനിമ കാണണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടും ; തീയറ്ററുകൾ തുറക്കുന്നത് വൈകുമെന്ന് സൂചന

സ്വന്തം ലേഖകൻ

കൊച്ചി:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് അവസാന വാരം മുതൽ ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിൽ ആണ്. അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ രോഗ വ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ തീയറ്ററുകൾ അടച്ചിട്ടിരുന്നു. എന്നാൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അഖിലേന്ത്യാ തലത്തിൽ സിനിമാരംഗം നിശ്ചലമായി കിടക്കുകയാണ്.

ഏപ്രിൽ പതിനാലാം തിയതി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും അതിനു ശേഷമുള്ള കാര്യം ഗവണ്മെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.എന്നാൽ ലോക്ക് ഡൗൺ കഴിഞ്ഞാലും തീയേറ്ററുകൾ ഇനി അടുത്തിടെ ഒന്നും തുറന്നു പ്രവർത്തിക്കാൻ സാധ്യതയില്ല എന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന എല്ലാ വിവരങ്ങളും സൂചിപ്പിക്കുന്നത്. മെയ് അവസാന വാരം ഈദിനോട് അനുബന്ധിച്ചെങ്കിലും തിയേറ്ററുകൾ തുറക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് രാജ്യമെത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇപ്പോൾ തന്നെ ചലച്ചിത്ര മേഖലയിൽ സംഭവിച്ചിരിക്കുന്നത്. സിനിമാ ചിത്രീകരണം, പ്രീ പ്രൊഡക്ഷൻ ജോലികൾ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടങ്ങി എല്ലാത്തരം സിനിമാ പ്രവർത്തനങ്ങളും സീരിയൽ ചിത്രീകരണം ഉൾപ്പെടെ നിർത്തിവച്ചിരിക്കുകയാണ്.
താരതമ്യേന ചെറിയ ഇൻഡസ്ട്രിയായ മലയാളത്തിന് താങ്ങാനാവാത്ത നഷ്ടമാണ് ഇതിനോടകം വന്നിരിക്കുന്നത് എന്നാണ് സൂചന.

അതേസമയം ലോക്ക് ഡൗൺ പിൻവലിച്ചാലും സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നിയന്ത്രണം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.